08 September, 2020 07:22:12 PM


ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് 'ദാനം' ചെയ്തതിലെ എതിര്‍പ്പ് വീണ്ടും പ്രകടിപ്പിച്ച് സുധീരന്‍



തിരുവനന്തപുരം: ജോസ് കെ മാണി യു ഡി എഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ പശ്ചാത്തലത്തില്‍ ഭൂതകാലം ഓര്‍മിപ്പിച്ച്‌ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ദാനം ചെയ്തതാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്. താനന്ന് അത് ശക്തിയുക്തം എതിര്‍ത്തതും സുധീരന്‍ ഓര്‍മിപ്പിച്ചു.


സംഭവത്തെ തുടര്‍ന്ന് യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് സുധീരന്‍ രാജിവെച്ചിരുന്നു. ഫേസ്ബുക്ക് പോസിറ്റിലാണ് വി എം സുധീരന്‍ പഴയ കാര്യങ്ങള്‍ സ്മരിച്ചത്. പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 


"ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.
ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിന്‍റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എൻറെ വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു.
എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ."




Share this News Now:
  • Google+
Like(s): 1.1K