07 September, 2020 09:39:09 PM


ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജോസ് കെ മാണി പക്ഷം



കോട്ടയം : ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജോസ് കെ മാണി പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം. അതിനിടെ നിയമസഭയിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം എം. എല്‍.എമാര്‍ക്കെതിരെ ബുധനാഴ്ച ജോസ് വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കും. ഇതിനിടെ, രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നതിനു ജോസഫ് വിഭാഗം കൂടുതല്‍ നിയമോപദേശം തേടും.


അതേസമയം, യു.ഡി.എഫിലേക്ക് തിരിച്ചുവരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസ് വിഭാഗമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. മുന്നണിയിലേക്ക് തിരിച്ചുവരണമെങ്കില്‍ ജോസ്.കെ മാണി യു.ഡി.എഫ് നിലപാട് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തിന് മുന്‍പ് ചില രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും ബെന്നി ഒരു മാധ്യമത്തോട്  പറഞ്ഞു. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കില്ലെന്നും കണ്‍വീനര്‍ വ്യക്തമാക്കി. 


കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. ചെറിയ തോതിൽ വോട്ട് നഷ്ടം ഉണ്ടാക്കിയേക്കാം . എന്നാൽ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വിജയ സാധ്യതയെ ഇത് ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K