11 August, 2020 11:24:00 PM


കിടപ്പുരോഗിയെ ഓഫീസില്‍ വിളിച്ചുവരുത്തി ആധാരം: കട്ടപ്പന സബ് രജ്സ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍




തിരുവനന്തപുരം അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ക്യാന്‍സര്‍ രോഗിയെ രജിസ്ട്രാര്‍ ഓഫീസില്‍ വിളിച്ചുവരുത്തി ആധാരം നടത്തിയ സംഭവത്തില്‍ കട്ടപ്പന സബ് രജ്സ്ട്രാര്‍ ജി.ജയലക്ഷ്മിയെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു. പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍റേതാണ് നടപടി.


രജിസ്ട്രാറുടെ നിര്‍ബന്ധപ്രകാരമാണ് കട്ടപ്പന സ്വദേശിയും സർക്കാർ ജീവനക്കാരനുമായ സുനീഷ് ജോസഫ് ക്യാൻസർ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലിരിക്കെ തന്നെ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാൻ ആഗസ്റ്റ് മാസം 6 ന് ഓഫീസില്‍ എത്തിയത്. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കിടപ്പ് രോഗിയായ കക്ഷിയുടെ ആധാരം വാസസ്ഥല നടപടി പ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യുന്നതിന് ആംബുലൻസിൽ എത്തുകയായിരുന്നു. എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുനിൽ ജോസഫിനെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിൽ എത്തിച്ചതിന് ശേഷമാണ് സബ് രജിസ്ട്രാർ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്ത നൽകിയത് . 


രജിസ്ട്രേഷൻ നടപടികൾക്കായി കക്ഷിയെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസില്‍ തന്റെ മുന്നിൽ എത്തിക്കണമെന്ന് സബ് രജിസ്ട്രാർ നിർബന്ധിച്ചുവത്രേ. കോമ്പൗണ്ടിൽ പ്രവേശിച്ചാൽ തന്നെ പ്രസ്തുത ഓഫീസിന്റെ പരിധിയിൽ എത്തിയെന്ന നിയമപരമായ വസ്തുത മനസ്സിലാക്കാതെയാണ് സബ് രജിസ്ട്രാർ പ്രവർത്തിച്ചിട്ടുള്ളതെന്ന് മന്ത്രിയുടെ ഉത്തരവില്‍ ചൂണ്ടികാട്ടുന്നു. സബ് രജിസ്ട്രാറുടെ പ്രവൃത്തി ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നതായും സർക്കാർ ജീവനക്കാരിൽ നിന്നും ഉണ്ടാകേണ്ട മനുഷ്യത്വപരമായ സമീപനം ഇവരില്‍ നിന്നും ഉണ്ടായില്ല എന്നും ഉത്തരവില്‍ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K