09 August, 2020 02:11:24 PM


പമ്പ അണക്കെട്ട് തുറന്നു; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം



പത്തനംതിട്ട: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് തുറന്നു. ആദ്യം രണ്ട് ഷട്ടറുകളാണ് രണ്ട് അടി വീതം തുറന്നത്. നാല് ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പൂര്‍ണ സംഭരണ ശേഷി എത്തുന്നതിന് മുമ്പുതന്നെ അണക്കെട്ടിന്റെ സുരക്ഷയെ കരുതിയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.


16 അടി ഉയര്‍ത്താന്‍ സാധിക്കുന്ന ഷട്ടറുകളാണ് ഇവിടെയുള്ളത്. രണ്ട് അടി ഷട്ടര്‍ ഉയര്‍ത്തുന്നതോടെ സെക്കന്റില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ഷട്ടര്‍ തുറന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയിലെത്തും. ഇതേതുടര്‍ന്ന് റാന്നിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ഷട്ടര്‍ തുറന്നതോടെ പമ്പയില്‍ 40 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണക്കെട്ട് തുറന്നാല്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെങ്കിലും വലിയ ആഘാതമുണ്ടാകില്ലെന്ന് കളക്ടര്‍ പറഞ്ഞു. റാന്നിയിലേക്ക് ഏകദേശം 5 മണിക്കൂറിനുള്ളിൽ വെള്ളം ഒഴുകിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബോട്ടുകളടക്കം സജ്ജമാക്കിയിട്ടുണ്ട്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K