09 August, 2020 01:09:47 PM


ഏറ്റുമാനൂരിലെ ക്ലസ്റ്റര്‍ - കണ്ടെയ്ന്‍മെന്റ് സംവിധാനം പിന്‍വലിക്കണം - വ്യാപാരികള്‍



ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഏറ്റുമാനൂരില്‍ ഏര്‍പ്പെടുത്തിയ ക്ലസ്റ്റര്‍ - കണ്ടെയ്ന്‍മെന്റ് സംവിധാനം പിന്‍വലിക്കണമെന്ന് വ്യാപാരികള്‍. രോഗവ്യാപനം പ്രധാനമായും മത്സ്യ, മാംസ, പച്ചക്കറി, പലചരക്ക് വ്യാപാര മേഖലയിലെ സുരക്ഷാ ക്രമികരണങ്ങളുടെ വീഴ്ചമൂലമാണ്് സംഭവിച്ചതെങ്കിലും ദീര്‍ഘകാലമായി കടകള്‍ അടച്ചിടുന്നത് വിപരീതഫലം ഉളവാക്കുകയാണെന്ന് വ്യാപാരികള്‍. 


സമയക്രമികരണത്തിലൂടെ മരുന്ന് ഭക്ഷണശാലകളും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരുരൂപത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നു. എന്നാല്‍ മറ്റു വ്യാപാരമേഖലകളില്‍ യാതൊരു തിക്കും തിരക്കും ഉണ്ടാകുന്നില്ലെങ്കില്‍ പോലും അവയെല്ലാം അടച്ചിടുവിയ്ക്കുന്നതു ഒരു വൃഥാവ്യായാമമായിപ്പോകുന്നുവെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റ് എന്‍.പി.തോമസ് മുഖ്യമന്ത്രി, എംഎല്‍എ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാട്ടുന്നു. കടകള്‍ സമയനിയന്ത്രണത്തിലും ടാക്‌സി, ആട്ടോറിക്ഷാ തുടങ്ങിയ പൊതുഗതാഗതസംവിധാനങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങളോടെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


നിര്‍മ്മാണമേഖലകളില്‍ പണിയെടുക്കുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, പീടികതൊഴിലാളികള്‍, സെയില്‍സ് റെപ്രസന്റേറ്റീവുകള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ജോബുവര്‍ക്കു ചെയ്യുന്നവര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സ്തംഭിച്ചിരിയ്ക്കുന്ന സാഹചര്യമാണ് ഇപ്പോളത്തെ ക്ലസ്റ്റര്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയൊക്കെ കോവിഡ് വ്യാപനമുണ്ടാക്കുന്ന സാഹചര്യം ചെറിയ ശ്രദ്ധയാല്‍ ഒഴിവാക്കപ്പെടാവുന്നതേയുള്ളൂ. ഇപ്പോഴത്തെ നടപടികൊണ്ട് വ്യാപനം സമ്പൂര്‍ണ്ണമായി തടയുവാന്‍ കഴിയും എന്നു കരുതാനാവില്ലെന്നും വ്യാപാരികള്‍ പറയുന്നു. 


നിലവില്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിയ്ക്കുവാന്‍ അനുവദിച്ചിട്ടുള്ള മേഖലകളില്‍ ആരോഗ്യകരമായ ക്രമികരണങ്ങള്‍ നടപ്പാക്കുക, തിക്കും തിരക്കും ഒഴിവാക്കാന്‍ സമയക്രമം ദീര്‍ഘിപ്പിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു. കോവിഡിന്റെ പേരില്‍ അപ്രായോഗിക സമയക്രമം ഉണ്ടാക്കി വ്യാപാരികളുടെ മേല്‍ ബോധപൂര്‍വ്വം ചൂഷണത്തിനു പദ്ധതിയിട്ടതായി സംശയിക്കുന്നുവെന്നും എന്‍.പി.തോമസ് പരാതിയില്‍ പറയുന്നു. പുറമേ നല്ലതിനെന്നു തോന്നുംവിധം പാലിയ്ക്കുവാന്‍ പറ്റാത്ത വ്യവസ്ഥകള്‍ തിരുകികയറ്റി വ്യാപാരികളെ ശിക്ഷിച്ചു സര്‍ക്കാരിലേയ്ക്കു വരുമാനമുണ്ടാക്കുന്ന നയം സ്വീകരിച്ചിരിക്കുന്നത് തീവ്രമായി ഉണ്ടാക്കുന്ന സ്തംഭനങ്ങളും തടസ്സങ്ങളും ഒട്ടേറെ വിപരിത ഫലമാണുണ്ടാക്കുക.


രോഗികളെയും മറ്റും സമയത്തു ആശുപത്രികളിലെത്തിയ്ക്കുവാനും, അടിയന്തിരമായ ഇതര ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്കും ഇതു വലിയ തടസ്സമാകും. കാലവര്‍ഷം താണ്ഡവമാടുന്നതിന്റെ ഫലമായി പല പ്രദേശങ്ങളും വഴികളും അടഞ്ഞിരിയ്ക്കുന്ന സാഹചര്യവും ഇതിനോടുചേര്‍തു കാണേണ്ടതുണ്ട്. മൃതപ്രായമായ ഈ അവസ്ഥയിലും സര്‍ക്കാര്‍ വകുപ്പുകളുടെ നികുതികളും, ചാര്‍ജ്ജുകളും, ലൈസന്‍സ് ഫീസുകളും, പിഴകളും, വാടകയും, വൈദ്യുതിചാര്‍ജ്ജും, വേതനങ്ങളും ഒക്കെ താങ്ങിനില്കുന്ന വ്യാപാരികളെ കഷ്ടതയിലാക്കുന്ന നയം തിരുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K