05 August, 2020 02:39:32 PM


ഫ്രാങ്കോയ്ക്ക് തിരിച്ചടി: വിടുതല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി; വാറന്‍റ് നിലവില്‍



ദില്ലി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. അന്തിമ തീരുമാനം വരുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച്  വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ തള്ളിയത്.


കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോയുടെ വാദം. തനിക്കെതിരെ തെളിവുകളില്ലെന്നും കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണെന്നും കന്യാസ്ത്രീയുടെ സാമ്ബത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായെന്നും ഫ്രാങ്കോ വാദിച്ചു. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതിയില്‍ അംഗീകരിക്കപ്പെട്ടില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും നല്‍കിയ തടസഹര്‍ജി കൂടി പരിഗണിച്ചാണ് തീരുമാനം.


വിചാരണ വൈകിപ്പിക്കാനാണ് വിടുതല്‍ ഹര്‍ജിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇത് സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇനി വിചാരണ കോടതി വിചാരണയിലേക്ക് കടക്കും. അതിവേഗ വിചാരണയാകും നടക്കുക.


ബലാത്സംഗ കേസില്‍ വിചാരണയ്ക്ക് ഹാജരാകാതിരിക്കാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കള്ളസത്യവാങ്മൂലം നല്‍കിയെന്ന് റിപ്പോര്‍ട്ട് നേരത്തെ ചര്‍ച്ചയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചെന്നും വാര്‍ത്ത എത്തി. നിലവില്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചെങ്കിലും ജലന്ദറിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഫ്രാങ്കോ ഹാജരായില്ല. ഇതേ തുടര്‍ന്ന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കോടതി നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടു കൂടി വാറന്റ് നിലവില്‍ വരുകയും ജാമ്യവും റദ്ദാകുകയും ചെയ്യും.


സർക്കാരിന് വേണ്ടി സൂപ്രീം കോടതിയിൽ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സീനിയർ അഭിഭാഷകനുമായ വി.ഗിരിയും സീനിയർ സ്റ്റാൻഡിംഗ് കൗൺസിൽ ജി.പ്രകാശും ഹാജരായി. ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രാസീക്യൂട്ടർ എസ്. അംബികാദേവിയും പ്രാേസികൂട്ടർ ഷൈലജയും വിചാരണ കോടതിയിൽ ഈ കേസ്സിലെ സ്പെഷ്യൽ പ്രാേസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും ഹാജരായിരുന്നു. ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി സൂപ്രീം കോടതിയിൽ വ്യന്ദ ഗോവറും ഹൈക്കോടതിയിൽ ജോൺ എൻ. റാൽഫും ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K