03 August, 2020 01:17:14 AM


യാത്രക്കാരിയെ അടക്കം ടാക്‌സി കാര്‍ തട്ടിയെടുത്ത കള്ളനെ ഓടിച്ചിട്ട് പിടികൂടി



Carjacker, crime


ദില്ലി: യാത്രക്കാരിയെ അടക്കം ടാക്‌സി കാര്‍ തട്ടിയെടുത്ത കള്ളന്‍ പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്വദേശിയായ പ്രിന്‍സ് ശര്‍മ്മ എന്ന യുവാവാണ് യാത്രക്കാരിയെ ഉള്‍പ്പെടെ കാര്‍ തട്ടിയെടുത്തത്. കാര്‍ തട്ടിക്കൊണ്ടു പോകുന്നത് കണ്ട രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇയാളെ പിന്തുടര്‍ന്ന് വലയിലാക്കുകയായിരുന്നു.


പോലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് കാര്‍ ഡിവൈഡറിലേക്ക ഇടിപ്പിച്ചുകയറ്റി. അതിന് ശേഷം ഇറങ്ങി ഓടിയ യുവാവിനെ പോലീസുകാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയെ വെല്ലുന്ന മോഷണരംഗം ഡല്‍ഹിയില്‍ അരങ്ങേറിയത്. മോഷ്ടാവിനെ കീഴ്‌പ്പെടുത്തി യാത്രക്കാരിയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് നോര്‍ത്ത് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട ചേസിംഗിലൂടെയാണ് മോഷ്ടാവിനെ കീഴടക്കിയത്.


നൂര്‍ മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിക്കപ്പെട്ട കാര്‍. ഗാന്ധി വിഹാറിന് സമീപത്തെ സി.എന്‍.ജി റീഫ്യുവലിംഗ് സ്‌റ്റേഷനില്‍ ഇയാള്‍ വാഹനം നിര്‍ത്തിയിരുന്നു. ക്ഷീണിതയായ യാത്രക്കാരിക്ക് വേണ്ടി ജ്യൂസ് വാങ്ങുന്നതിനാണ് നൂര്‍ മുഹമ്മദ് കാര്‍ നിര്‍ത്തിയത്. തിരികെയെത്തി വണ്ടി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് നൂര്‍ മുഹമ്മദിനെ കീഴ്‌പ്പെടുത്തി കാറുമായി രക്ഷപെടുകയായിരുന്നു. ഹൈവേ പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ഈ സംഭവം കണ്ടിരുന്നു. ഉടന്‍ തന്നെ പോലീസ് ടീം ഇയാളെ പിന്തുടരുകയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K