31 July, 2020 03:08:09 PM


മോദിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവനുകള്‍ക്ക് വില കുറവ് - ജയതി ഘോഷ്



ദില്ലി: നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് 19 തെളിയിച്ചിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ്.  ലണ്ടനില്‍ നിന്നിറങ്ങുന്ന ദ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലാണ് ജയതി കോവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയത്.


മാര്‍ച്ച് 24ന് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഛത്തിസ്ഗഢില്‍ നിന്നും തെലങ്കാനയിലെ മുളക് പാടങ്ങളില്‍ പണിയെടുക്കാനെത്തിയ ജംലൊ മക്കാഡം എന്ന 12 കാരി പെണ്‍കുട്ടി അനുഭവിച്ച ദുരന്ത ജീവിതം ഉദാഹരിച്ചാണ് ജയതിഘോഷ് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നാല് മണിക്കൂര്‍ മാത്രം മുന്‍കൂര്‍ നോട്ടിസ് നല്‍കി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ രക്തസാക്ഷിയാണ് മക്കാഡം എന്ന് ജയതി പറയുന്നു.


ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പണിയും കൂലിയും ഭക്ഷണവുമില്ലാതെ അവരുടെ പണിയിടങ്ങളില്‍ പെട്ടുപോയി.  കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മറ്റു വഴിയൊന്നുമില്ലാതെ മക്കാഡവും കൂടെയുള്ളവരും ജന്മനാട്ടിലേക്ക് കാല്‍നടയായി തിരിച്ചുപോകാന്‍ ശ്രമിച്ചു. എന്നാല്‍ ഏപ്രില്‍ 18ന് തന്റെ നാട്ടിലെത്താന്‍ മണിക്കൂറുകളുടെ യാത്ര മാത്രം അവശേഷിക്കെ ആ പന്ത്രണ്ടുകാരി റോഡരികില്‍ കുഴഞ്ഞുവീണു മരിച്ചു.


സര്‍ക്കാരിന്റെ കണ്ണില്‍ മക്കാഡം വെറുമൊരു സ്ഥിതിവിവര കണക്ക് മാത്രമാണെന്നും ലോക്ക്ഡൗണിനെത്തുടര്‍ന്ന് മരിച്ചുവീണ സാധാരണ മനുഷ്യരോട് ഒരു തരത്തിലുള്ള അനുകമ്പയും ഭരണകൂടത്തിനുണ്ടായില്ലെന്നും ജയതി ചൂണ്ടിക്കാട്ടുന്നു. മനുഷ്യര്‍ക്കിടയിലുള്ള അസമത്വങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് തന്നെ മുന്‍നിരയിലാണെന്നും ഈ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുകയാണ് കോവിഡ് 19 ചെയ്തിരിക്കുന്നതെന്നും ജയതി പറയുന്നു.


വിദേശത്തേക്ക് സഞ്ചരിച്ചവരില്‍ നിന്നാണ് മഹാമാരി ഇന്ത്യയിലേക്കെത്തിയത്. ഇന്ത്യന്‍ ജനതയുടെ മേല്‍തട്ടിലുള്ള രണ്ട് ശതമാനത്തില്‍ പെട്ടവരാണിവര്‍. എന്നാല്‍ മഹാമാരി ദുരിതത്തിലാഴ്ത്തിയത് ഇന്ത്യയിലെ സാധാരണക്കാരെയാണ്. ഉന്നത മദ്ധ്യവര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ പ്ലേറ്റുകള്‍ കൊട്ടി ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുകയും എന്നാല്‍ ആരോഗ്യ പരിപാലന മേഖലയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനം മാത്രം നല്‍കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ത്യയിലുള്ളതെന്ന് ജയതി പരിഹസിക്കുന്നു.


ചൈനയും യൂറോപ്പും കൊറോണയ്ക്കെതിരെ കൈക്കൊണ്ട നടപടികള്‍ അന്ധമായി അനുകരിക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവരുന്ന , ചെറിയ ഇടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സാധാരണ മനുഷ്യരെ ഈ ലോക്ക്ഡൗണുകള്‍ എങ്ങിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചതേയില്ല. കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിനപവാദമെന്നും ജയതി ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യത്തോടുള്ള മോദി സര്‍ക്കാരിന്റെ സമീപനം തീര്‍ത്തും നിരുത്തരവാദപരമായിരുന്നു.


കുടിയേറ്റ തൊഴിലാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം മനുഷ്യത്വരഹിതവും നിര്‍ദ്ദയവുമായിരുന്നെന്ന് ജയതി പറയുന്നു. പത്ത് കോടി ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ കളപ്പുരകളില്‍ കെട്ടിക്കിടന്നിട്ടും വളരെക്കുറച്ച് ഭക്ഷ്യധാന്യം മാത്രമാണ് സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്തത്. അന്യ ദേശങ്ങളില്‍ റേഷന്‍കാര്‍ഡില്ലാതെ ജിവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ സൗജന്യം പോലും കിട്ടിയില്ല.


ഇത്രയും മോശമായി കോവിഡ് 19 കൈകാര്യം ചെയ്തിട്ടും മോദിയുടെ ജനപിന്തുണയില്‍ കാര്യമായി ഇടിവൊന്നുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തിന് വലിയ മുന്നേറ്റം നടത്താനായിട്ടില്ലെന്നും ജയതി ചൂണ്ടിക്കാട്ടുന്നു. അടിച്ചമര്‍ത്തപ്പെടുന്ന കോടിക്കണക്കിന് ജനങ്ങള്‍ ഇതു തങ്ങളുടെ വിധിയാണെന്ന് സ്വയം സാമശ്വസിക്കുന്നതിനാണോ അതോ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയ്ക്കാണോ ഇന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന ചോദ്യത്തോടെയാണ് ജയതി ലേഖനം അവസാനിപ്പിക്കുന്നത്89998898899898899



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K