30 July, 2020 06:53:58 AM


ബാലഭാസ്കറിന്‍റെയും മകളുടെയും മരണം; കേസ് സിബിഐ ഏറ്റെടുത്തു



തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു.


ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാര്‍ ഡിസംബറിൽ ശുപാർശ ചെയ്തിരുന്നു. അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ കണ്ടെത്തലിലെത്തിയത്.


ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K