25 July, 2020 03:16:54 PM


കോട്ടയത്ത് പോലീസിന് നേരെ ആക്രമണം: 2 പോലീസുകാര്‍ക്ക് പരിക്ക്; ഒരാള്‍ അറസ്റ്റില്‍



കോട്ടയം: രാത്രികാല പരിശോധനയ്ക്ക് ഇറങ്ങിയ പോലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘത്തിന്‍റെ ആക്രമണം. പരിക്കേറ്റ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച രാത്രി പതിനൊന്നര മണിയോടെ അടിച്ചിറ - അമ്മഞ്ചേരി റോഡിലാണ് സംഭവം.


കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ അസമയത്ത് റോഡരികില്‍ നിന്ന യുവാക്കളെ ചോദ്യം ചെയ്ത പോലീസുകാരാണ് മര്‍ദ്ദനത്തിന് ഇരയായത്. ബൈക്കില്‍ രാത്രികാലപരിശോധനയ്ക്ക് ഇറങ്ങിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ അനു, മനീഷ് എന്നീ പോലീസുകാരാണ് മൂന്നംഗസംഘത്തിന്‍റെ ആക്രമണത്തിനിരയായത്. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.


തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആര്‍പ്പൂക്കര സ്വദേശിയായ അര്‍ഷാദ് പോലീസ് പിടിയിലായി. ഹഫീസ്, ജിതിന്‍ എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, പരിക്കേറ്റ പോലീസുകാര്‍ പ്രാഥമികചികിത്സകള്‍ക്കുശേഷം ആശുപത്രി വിട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K