16 July, 2020 08:18:52 PM


ലോക്ക്ഡൗൺ ലംഘനം: മന്ത്രിപുത്രനെ അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു



അഹമ്മദാബാദ്: ലോക്ക്ഡൗൺ നിയമലംഘനത്തിന്‍റെ പേരിൽ മന്ത്രിയുടെ മകനെ അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥ സർവീസിൽനിന്ന് രാജിവെച്ചു. ഗുജറാത്ത് പൊലീസിലെ കോൺസ്റ്റബിൾ സുനിത യാദവ് ആണ് രാജിവെച്ചത്. അതേസമയം സുനിത യാദവ് രാജിവെച്ചുവെന്ന വാർത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു.
ഗുജറാത്ത് ആരോഗ്യമന്ത്രി കുമാർ കാനാനിയുടെ മകൻ പ്രകാശ് കാനാനിയും രണ്ട് സുഹൃത്തുക്കളും ഞായറാഴ്ച അറസ്റ്റിലായിരുന്നു.


കോവിഡ് -19 ഹോട്ട്‌സ്‌പോട്ടായ സൂറത്തിലെ ലോക്ക്ഡൌൺ, രാത്രി കർഫ്യൂ ഉത്തരവുകൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിത യാദവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ തടഞ്ഞുവെച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഇതേത്തുടർന്ന് മന്ത്രിയുടെ മകനെതിരെ നടപടിയെടുത്തതിന് സോഷ്യൽ മീഡിയയിൽ സുനിത യാദവിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.


"എന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാത്തതിനാലാണ് ഞാൻ രാജിവച്ചത്. ഒരു കോൺസ്റ്റബിൾ എന്ന നിലയിൽ മാത്രമാണ് ഞാൻ എന്റെ കടമ നിർവഹിച്ചിരുന്നത്. മന്ത്രിയുടെ മകനെപ്പോലെ തങ്ങൾ വിവിഐപികളാണെന്ന് കരുതുന്നവർക്കെതിരെ നടപടിയെടുക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം വളരെ വലുതാണ്" സുനിത യാദവ് പറഞ്ഞു.
"അവർ രാജി നൽകിയിട്ടില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്, സാങ്കേതികമായി അവർക്ക് ഈ ഘട്ടത്തിൽ രാജിവയ്ക്കാൻ കഴിയില്ല," സൂററ്റ് പോലീസ് കമ്മീഷണർ ആർ ബി ബ്രഹ്മഭട്ട് പറഞ്ഞു.


സൂറത്ത് നഗരത്തിൽ ലോക്ക്ഡൌണും കർഫ്യൂ മാനദണ്ഡങ്ങളും ലംഘിച്ചുവെന്നാരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും പ്രകാശ് കാനാനിയെയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
കർഫ്യൂ ലംഘിച്ചതിന് മൂവരെയും വലിച്ചിഴച്ച സുനിത യാദവ് ഇരുവരുമായി നടത്തിയ രൂക്ഷമായ വാക്കുതർക്കത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുശേഷമാണ് മന്ത്രിപുത്രനെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തത്. മൂവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.


ഈ സംഭവത്തിന് പിന്നാലെ സുനിത യാദവ് സോഷ്യൽ മീഡിയയിൽ താരമായി മാറി. ചിലർ അവരെ "ലേഡി സിംഹാം" (ഹിന്ദി ചിത്രമായ "സിങ്കം" എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ പരാമർശിക്കുന്നു) എന്ന് വിളിക്കുമ്പോൾ, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സൂറത്ത് ജില്ലയിലെ വരാച്ച നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുമാർ കാനാനിക്കെതിരെ സുനിത യാദവ് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. ഈ വാർത്ത പ്രചരിച്ചതിന് ശേഷം #i_support_sunita_yadav "ട്വിറ്ററിൽ ട്രെൻഡുചെയ്യാൻ തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K