09 July, 2020 08:02:18 PM


ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ ഗുണ്ടാവിളയാട്ടം: ഹോട്ടലും വീടും തകര്‍ത്തു; മൂന്ന് പേര്‍ അറസ്റ്റില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ കഞ്ചാവ് മാഫിയായുടെയും ഗുണ്ടാസംഘങ്ങളുടെയും വിളയാട്ടം വീണ്ടും. ബുധനാഴ്ച രാത്രി വെട്ടിമുകൾ ജങ്ഷനിലെ ഹോട്ടലും വീടും അടിച്ചു തകർത്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴി മുളേളാരം ഷൈൻ ജോസഫിന്‍റെ ഹോട്ടലും അതിനോട് ചേർന്നുള്ള വീടുമാണ് പത്തംഗ അക്രമി സംഘം അടിച്ചു തകർത്തത്. ഏറ്റുമാനൂർ കിഴക്കുംഭാഗം കല്ലുവെട്ടുകുഴിയിൽ ജസ്റ്റിൻ സണ്ണി (25), പള്ളി വാതുക്കൽ നിജു ( 23 ), പടിക്കക്കുടിയിൽ സൂരജ് (21) എന്നിവരാണ് അറസ്റ്റിലായത്. 


ഹോട്ടലിലെ ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. വീടിന്‍റെ ജനാലചില്ലുകൾ ഉൾപ്പെടെ തകർത്ത സംഘം മരകായുധങ്ങൾ വീശി അടുത്തെത്തിയവരെ വിരട്ടിയോടിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മദ്യപിച്ചെത്തിയ അക്രമി സംഘത്തിൽപ്പെട്ട ചിലരുമായി ഹോട്ടലിൽ വച്ച് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. ഇതെതുടര്‍ന്നുള്ള പകയായിരിക്കാം സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വെട്ടിമുകളിലെ കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയാക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേ‍ഷിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് വ്യാപാരികൾ വ്യാഴാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ കടകളടച്ച് ഹർത്താലിചരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K