08 July, 2020 08:49:01 PM


നിശാപാര്‍ട്ടി: റോയി കുര്യന്‍ അടക്കം 22 പേര്‍ അറസ്റ്റില്‍; നര്‍ത്തകിയെ ചോദ്യം ചെയ്യും



നെടുങ്കണ്ടം: ശാന്തൻപാറയ്ക്ക് സമീപം രാജാപ്പാറയിലെ ജംഗിൾപാലസ് റിസോർട്ടിൽ കോവിഡ് നിർദേശങ്ങൾ ലംഘിച്ച് നിശാ പാർട്ടിയും ബെല്ലി ഡാൻസും മദ്യസൽക്കാരവും സംഘടിപ്പിച്ച സംഭവത്തിൽ സംഘാടകൻ ഉൾപ്പെടെ 22 പേർ അറസ്റ്റിൽ. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ കോതമംഗലം കരിത്തഴ റോയി കുര്യൻ ഉൾപ്പെടെ 22-പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


രാജാപ്പാറയിലെ ജംഗിൾപാലസ് റിസോർട്ടും റോയി കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞ ദിവസം റിസോർട്ട് മാനേജരടക്കം ആറു പേരെ ശാന്തൻപാറ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്ന ക്രഷറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് നിശാ പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചത്.


നിശാ പാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. കോവിഡ് നിർദേശങ്ങൾ ലംഘിച്ച് പരിപാടി നടത്തിയതിന് 47പേർക്കെതിരേയാണ് ശാന്തൻപാറ പോലീസ് കേസെടുത്തിരിക്കുന്നത്. പാർട്ടിയിൽ മുന്നൂറോളംപേർ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ, 47 പേർ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ എന്നാണ് പോലീസിന്റെ വിശദീകരണം.


അതിനിടെ, ജംഗിൾപാലസ് റിസോർട്ടിൽ പാർട്ടി നടക്കുന്നത് സംബന്ധിച്ച് പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നെന്നും അവർ ഇതിന് ഒത്താശചെയ്തെന്നും ആരോപണമുണ്ട്. നിശാപാർട്ടിയിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ച ഉക്രെയ്ൻ നർത്തകിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ വിസ ചട്ടങ്ങൾ ലംഘിച്ചെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K