05 July, 2020 06:43:43 AM


ഹരിപ്പാട് വയോധികന്‍ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭാര്യാ സഹോദരന്‍ അറസ്‌റ്റില്‍


uploads/news/2020/07/408481/c3.jpg


ഹരിപ്പാട്‌: വയോധികന്‍ വെട്ടേറ്റു മരിച്ചു. സംഭവത്തില്‍ ഭാര്യാ സഹോദരനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം എരിയ്‌ക്കാവ്‌ മൂന്നുകുളങ്ങര വീട്ടില്‍ ശ്രീകുമാരപിള്ള(65)യാണ്‌ മരിച്ചത്‌. സംഭവത്തില്‍ ഈ വീട്ടില്‍ തന്നെ താമസിച്ചു വരുന്ന ഭാര്യാ സഹോദരനായ കൃഷ്‌ണന്‍നായരെ(63) പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം.


സ്‌ഥിരമായി മദ്യപിച്ചു എത്തുന്ന ശ്രീകുമാരപിള്ള ഭാര്യ ലളിതയുമായി വഴക്കിടുന്നത്‌ പതിവായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയുമാണ്‌. കഴിഞ്ഞ ദിവസം മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നതിനിടയില്‍ കൃഷ്‌ണന്‍നായര്‍ ഇടപെട്ട്‌ തടയുകയും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്‌തു. ഇതിനിടെ കൃഷ്‌ണന്‍നായര്‍ വെട്ടുകത്തി ഉപയോഗിച്ച്‌ ശ്രീകുമാരപിള്ളയുടെ തോളിലും വലതുകാലിലെ തുടയിലും വെട്ടുകയായിരുന്നു. ഉടന്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അറസ്റ്റിലായ കൃഷ്‌ണന്‍നായരെ കായംകുളത്തെ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലാക്കി. 


ഡി.വൈ.എസ്‌.പി: അലക്‌സ്ബേബിയുടെ നിര്‍ദേശപ്രകാരം തൃക്കുന്നപ്പുഴ സി.ഐ: ആര്‍.ജോസ്‌, എസ്‌.ഐ: ആനന്ദബാബു, ജൂനിയര്‍ എസ്‌.ഐ: ജയപ്രകാശ്‌, ഗ്രേഡ്‌ എസ്‌.ഐ: സുനില്‍കുമാര്‍, എ.എസ്‌.ഐ: പ്രദീപ്‌, സി.പി.ഒ ബാബു എന്നിവര്‍ അടങ്ങിയ സംഘമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.കരാര്‍ ജോലിക്കാരനായിരുന്നു ശ്രീകുമാരപിള്ള. മക്കള്‍: അഞ്‌ജലി, അഞ്‌ജന. മരുമക്കള്‍: കണ്ണന്‍, ശ്രീജിത്ത്‌



Share this News Now:
  • Google+
Like(s): 2.6K