04 July, 2020 01:42:38 AM


പൊലീസുകാരൻ്റെ സമ്പർക്ക ലിസ്റ്റ് സങ്കീർണം; സെക്രട്ടറിയേറ്റിലും കമ്മീഷണർ ഓഫീസിലും ജോലിയെടുത്തു



തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച പൊലീസുകാരൻ്റെ സമ്പർക്ക ലിസ്റ്റ് സങ്കീർണം. സെക്രട്ടറിയേറ്റ്, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കിളിമാനൂർ നഗരൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ നന്ദാവനം എ ആർ ക്യാമ്പിലെ നിരവധി പൊലീസുകാരുമായും സമ്പർക്കത്തിലേർപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. 


ജൂൺ 18നാണ് സെക്രട്ടറിയേറ്റിലെ ഗേറ്റ് - 2ൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഇദ്ദേഹം ജോലി ചെയ്തത്. ജൂൺ 21, 22 തിയതികളിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ ഗാർഡ് ഡ്യൂട്ടിയും ചെയ്തു. ജൂൺ 23 മുതൽ 26 വരെ എസ് ബി ഐ ബാങ്കിൻ്റെ മണി എസ്കോർട്ട് ഡ്യൂട്ടിയുടെ ഭാഗമായി ആലുവ വരെ യാത്ര ചെയ്തിട്ടുണ്ട്. തുടർന്ന് കണ്ടെയ്ൻമെൻ്റ് സോണായിരുന്ന കരിയ്ക്കകത്തായിരുന്നു ഡ്യൂട്ടി.


മണക്കാട് യു എ ഇ കോൺസുലേറ്റിൽ ഗാർഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നെങ്കിലും പനി കാരണം ഹാജരായില്ല. ഇക്കഴിഞ്ഞ 28ന് പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ അച്ഛൻ്റെ മരണാനന്തര ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തതായും സൂചനയുണ്ട്. കൂടുതൽ പൊലീസുകാരെ ക്വറൻ്റീനിൽ വിടേണ്ട സാഹചര്യമാണ് നിലവിലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K