29 June, 2020 09:49:19 PM


നികുതിപിരിവ് അവതാളത്തില്‍; ഏറ്റുമാനൂര്‍ നഗരസഭയില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷം



ഏറ്റുമാനൂര്‍: കെട്ടിടനികുതി അടച്ച് ഒരു സര്‍‌ട്ടിഫിക്കറ്റ് കരസ്ഥമാക്കാനായി ഏറ്റുമാനൂര്‍ നഗരസഭയില്‍ എത്തിയ ആള്‍ ഉദ്യോഗസ്ഥരുടെ മറുപടി കേട്ട് ഞെട്ടി. താങ്കളുടെ പേരില്‍ ഇവിടെ കമ്പ്യൂട്ടറില്‍ വീട് കാണുന്നില്ല. ദിവസങ്ങളും മാസങ്ങളും കയറിയിറങ്ങിയ ശേഷം അവസാനം ഉദ്യോഗസ്ഥര്‍ തന്നെ പരിഹാരം കണ്ടെത്തി. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്തെ രജിസ്റ്ററുകള്‍ ഗോഡൗണില്‍ കൂട്ടിയിട്ടിരുന്നത് പൊടിതട്ടിയെടുത്തു. പകുതിയോളം പാറ്റാ കരണ്ട ഒരു രജിസ്റ്ററിലെ ശേഷിച്ച താളുകളില്‍ വീടിന്‍റെ വിവരങ്ങള്‍ കണ്ടെത്തിയതോടെ ഉപഭോക്താവ് രക്ഷപെട്ടു. 


ഇത് ഏറ്റുമാനൂരില്‍ ഒറ്റപെട്ട സംഭവമല്ല. ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് ഒരു വാര്‍ഡില്‍തന്നെ ഒന്നിലധികം വീടുകള്‍ക്ക് ഒരേ നമ്പര്‍ നല്‍കുകയും നഗരസഭയായിട്ടും ഇത് പുനരവലോകനം നടത്തി ശരിയാക്കാത്തതും മൂലം ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചില്ലറയല്ല. നികുതി പൂര്‍ണ്ണമായി അടച്ചാലേ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭയില്‍ നിന്നു ലഭിക്കു എന്നതാണ് നഗരസഭയിലെ അലിഖിതനിയമം. നികുതി അടച്ചതാണെങ്കിലും രജിസ്റ്ററുകള്‍ കൃത്യമല്ലാത്തതിനാല്‍ അത് സ്വീകരിച്ചതിന്‍റെ തെളിവുകള്‍ നഗരസഭയില്‍ ഇല്ല. മുന്‍പ് നികുതി അടച്ച രസീത് നഷ്ടപ്പെട്ടാല്‍ പിന്നെ പറയുകയും വേണ്ട. ഇതുവരെ അടച്ചതുക ഉള്‍പ്പെടെ ആദ്യകാലം മുതലുള്ള നികുതി അടയ്ക്കേണ്ടി വരും കാര്യസാധ്യത്തിന്.


ഒരേ വാര്‍ഡില്‍ ഒന്നിലധികം വീടുകള്‍ക്ക് ഒരേ നമ്പര്‍ നല്‍കിയതാണ് നഗരസഭയിലെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. ഈ വിധം രണ്ട് വീടുകള്‍ക്ക് ഒരേ നമ്പര്‍ വന്നാല്‍ ഇവയില്‍ ഒന്നു മാത്രമേ കമ്പ്യൂട്ടര്‍ ഡേറ്റായില്‍ കയറു. അതുകൊണ്ടുതന്നെ പഴയ വീട്ടുനമ്പരും വാര്‍ഡുനമ്പരും നോക്കി നികുതി അടയ്ക്കുക ദുഷ്കരം. അയല്‍വാസിയുടെ പേരിലോ മറ്റാരുടെയെങ്കിലും പേരിലോ ഇതുവരെ നികുതിയടച്ച വീടുകള്‍ മാറിയിട്ടുണ്ടാകും. നാലര വര്‍ഷം മുമ്പ് നികുതി പരിഷ്‌കരണത്തിന് നടപടികള്‍ ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. നികുതിപരിഷ്‌കരണത്തിന് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതാണ് കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്.


പാലാ പോലുള്ള കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നികുതിപിരിവ് ഒരു പ്രശ്‌നവും ഇല്ലാതെ നടക്കുന്നുണ്ട്. ഇവര്‍ ഫീല്‍ഡിലിറങ്ങി നികുതിപിരിവ് നടത്തുമ്പോള്‍ ഏറ്റുമാനൂരില്‍ ജനങ്ങള്‍ ജീവനക്കാരുടെ സൗകര്യം നോക്കി അങ്ങോട്ട് ചെല്ലണം. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ കരസ്ഥമാക്കാം. എന്നാല്‍ ഏറ്റുമാനൂരില്‍ ആ സൗകര്യം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കൗണ്ടറില്‍ പണമടച്ച് ആഴ്ചകളോളം കാത്തിരിക്കണം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍.


27.8 ചതുരശ്രകിലോമീറ്ററാണ് 35 വാര്‍ഡുകളുള്ള ഏറ്റുമാനൂര്‍ നഗരസഭയുടെ വിസ്തൃതി. എ ഗ്രേഡ് നഗരസഭയ്ക്കുള്ള എല്ലാ സംവിധാനവും ഏറ്റുമാനൂരിന് ഉണ്ടായിട്ടും ഗ്രാമപഞ്ചായത്തിന്‍റെ ലെവലില്‍ തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്. നികുതി പരിഷ്‌കരിക്കാന്‍ പത്ത് ജീവനക്കാരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളതാണ്. എന്നാല്‍ വെറും നാല് പേരെയാണ് 35 വാര്‍ഡുകള്‍ക്കായി ഇവിടെ നിയോഗിച്ചിട്ടുള്ളത്. നികുതിപരിഷ്കരണ ജോലികള്‍ തടസപ്പെടുന്ന രീതിയില്‍ ഇവരെ മറ്റ് ജോലികള്‍ ഏല്‍പ്പിക്കുന്നതിലും ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു.


നാലര വര്‍ഷം കൊണ്ട് മുപ്പതോളം വാര്‍ഡുകളിലെ ഡേറ്റാ കളക്ഷന്‍ മാത്രമാണ് പൂര്‍ത്തിയായത്. പുതിയ നികുതി പ്രാവര്‍ത്തികമാകാന്‍ ഇനിയും കിടക്കുന്നു ജോലികള്‍ ഏറെ. അത് ഈ ഭരണസമിതിയുടെ കാലത്ത് നടക്കുമോ എന്നും കണ്ടറിയണം. നികുതിപരിഷ്‌കരണം നടപ്പിലാക്കിയാല്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട വന്‍കിടസ്വകാര്യസ്ഥാപനങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്നതുകൊണ്ട് ഭരണസമിതിക്കും ഈ കാര്യത്തില്‍ വലിയ താല്‍പര്യമില്ല. നികുതി അടച്ചില്ലാ എന്ന കാരണത്താല്‍ സാധാരണക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കുന്ന അധികൃതര്‍ ഇത്തരം സ്ഥാപനങ്ങളുടെ നികുതി കണക്കാക്കുന്നതിലും പിരിക്കുന്നതിലും വന്‍ വീഴ്ചയാണ് വരുത്തുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 


ഏറ്റുമാനൂര്‍ നഗരസഭയില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷ‍മായതിനെതുടര്‍ന്ന് വികസനപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി. നഗരസഭയിലെ വന്‍കിട സ്ഥാപനങ്ങളില്‍നിന്നുള്ള നികുതി മാത്രം കൃത്യമായി കണക്കാക്കി കുടിശിഖ പിരിച്ചെടുത്താല്‍ തീരാവുന്നതേ ഉള്ളു ഈ പ്രശ്നങ്ങള്‍ എന്ന് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ തന്നെ സമ്മതിക്കുന്നു. ഇതിനിടെ വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുടങ്ങികിടക്കുന്ന പദ്ധതികളുടെ പണികള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കവും കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K