27 June, 2020 07:52:44 PM


കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍



പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും, വീഡിയോകളും കൈയില്‍ സൂക്ഷിച്ചതിനും  പ്രചരിപ്പിച്ചതിനും യുവാക്കള്‍ അറസ്റ്റില്‍. കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്‍മൂട്ടില്‍ തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോള്‍ താമസിച്ചു വരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ''ഓപ്പറേഷന്‍ പി-ഹണ്ട്'' എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 


ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇവര്‍. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നിര്‍ദേശാനുസരണം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി  ആര്‍ ജോസിന്റെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു വിദേശത്തുപോയ ടിനു ലോക്ക്ഡൗണ്‍ കാരണം തിരികെപോകാന്‍ കഴിയാതെ നാട്ടില്‍ തങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ്  പ്രചരിപ്പിച്ചത്. ഇത്തരം വിഡിയോകളും ഫോട്ടോകളും അടങ്ങിയ ഒരു മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. 


കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് പോലീസ്  അന്വേഷിക്കുന്നുണ്ട്. ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത  കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. റെയ്ഡുകളില്‍ ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ  ആര്‍.എസ് രെഞ്ചു, രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ ഹരികുമാര്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവരെ കൂടാതെ സൈബര്‍സെല്‍ ടീം അംഗങ്ങളായ എഎസ്‌ഐ ജി. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ആര്‍. ശ്രീകുമാര്‍, രാജേഷ് ആര്‍.ആര്‍. എന്നിവരുമുണ്ടായിരുന്നു. 



Share this News Now:
  • Google+
Like(s): 3.7K