25 June, 2020 05:32:13 PM


ഫെയര്‍ & ലൗലിയില്‍ ഇനി ഫെയര്‍ ഇല്ല; പുതിയ പേരിനായി കാത്ത് യൂണിലീവർ



മുംബൈ: വിമർശനങ്ങൾക്കൊടുവിൽ ഫെയർ ആന്റ് ലൗലിയിൽ നിന്നും ഫെയർ എടുത്തുമാറ്റാൻ തയ്യാറായി യൂണിലീവർ കമ്പനി. കറുത്ത നിറമുള്ളവരെ മോശം രീതിയിൽ ചിത്രീകരിക്കുന്നുവെന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഉത്പന്നത്തിൽ നിന്നും ഫെയർ എന്ന വാക്ക് എടുത്തുകളയുമെന്നും പുതിയ പേര് റെഗുലേറ്ററി അംഗീകാരത്തിനായി കാത്തുനിൽക്കുകയാണെന്നും ഹിന്ദുസ്ഥാൻ യൂണിലീവർ അറിയിച്ചു. 


നിറം വർധിപ്പിക്കാനായി യൂണിലീവർ വിപണിയിൽ എത്തിച്ച ഉത്പന്നമാണ് ഫെയർ ആന്റ് ലൗലി. ദക്ഷിണ ഏഷ്യയിൽ വലിയ പ്രചാരമാണ് ഈ ഉത്പന്നത്തിനുള്ളത്. ഏറെ കാലമായി ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ബ്ലാക്ക് ലിവ്സ് മാറ്റർ പ്രക്ഷോഭത്തിന് പിന്നാലെ വീണ്ടും ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു.


സ്കിൻ ലൈറ്റനിങ് എന്ന പേരിലാണ് ഇത്തരം ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.നേരത്തേ, ജോൺസൺ ആന്റ് ജോൺസൺ സ്കിൻ വൈറ്റനിങ് ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂണിലീവറിന്റെയും തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K