24 June, 2020 08:56:49 AM


പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം തടസപ്പെടുത്താന്‍ ശ്രമം; പ്രതികരണവുമായി എംഎല്‍എ



കോട്ടയം: കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയില്‍ വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചായത്ത് അനക്സ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണപ്രവര്‍ത്തനം തടസപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചത്  വിവാദമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് നല്ല ഉദ്ദേശത്തോടെയല്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്.


കല്ലമ്പാറയിൽ  പഞ്ചായത്ത് അനക്സ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം പൂർത്തീകരിക്കുന്നതിന് രണ്ടാം ഘട്ടമായി 15 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചത്. കല്ലംമ്പാറ ജംഗ്ഷനിൽ നിന്നുള്ള റോഡ് സൗകര്യം, പ്രവേശന കവാടം, ഡ്രെയിനേജ് സൗകര്യങ്ങൾ, ചുറ്റുമതിൽ, ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പൂർത്തിയാക്കാനുള്ളത്. 40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ കല്ലംമ്പാറ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിൽ എംഎൽഎ ഫണ്ടിൽ നിന്ന് ആദ്യ ഘട്ടത്തിൽ  നടപ്പാക്കിയതിന്റെ തുടർച്ചയാണ് ഇനി നടക്കാനുള്ളത്.


ഇക്കാര്യങ്ങൾ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെയാണ് ടെണ്ടറിലൂടെ  ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണവുമാരംഭിച്ചു. എന്നാല്‍ ഇതെല്ലാം ചില സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന വാസ്തവവിരുദ്ധമായ പ്രചരണങ്ങളാണെന്ന് മോന്‍സ് ജോസഫ് പ്രതികരിച്ചു. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഉയര്‍ന്ന പ്രചരണങ്ങള്‍ വ്യാജമാണെന്ന്  ഇന്ന് പുറത്തിറങ്ങിയ വീഡിയോയില്‍ അദ്ദേഹം വിശദീകരിച്ചു.



കാണക്കാരി ഗവ: ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ കെട്ടിടം നിർമ്മിക്കാന്‍  35 ലക്ഷം രൂപ ഇതോടൊപ്പം ഫണ്ട് അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കാണക്കാരി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിരുന്നു. നിർമ്മിതി കേന്ദ്രത്തെയാണ് കാണക്കാരി ആശുപത്രിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയിട്ടുളളത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K