23 June, 2020 12:47:45 PM


ഈരാറ്റുപേട്ട ചേന്നാട് സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു



കോട്ടയം: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട ചേന്നാട് അതമ്പനാല്‍ പരേതനായ ഗോപിയുടെയും ഓമനയുടെയും മകന്‍ എ.ജി.പ്രസാദ് (55) ആണ് മരിച്ചത്. മുപ്പത് ദിവസമായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രമേഹരോഗി കൂടിയായ പ്രസാദിന്‍റെ ആരോഗ്യനില വഷളായത്  ന്യുമോണിയാ ബാധിച്ചതോടെയാണ്. രണ്ട് തവണ നടത്തിയ പരിശോധനകളില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് വീണ്ടും പോസിറ്റീവ് ആയതായും ബന്ധുക്കള്‍ പറയുന്നു.


തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി റിയാദില്‍ ബിസിനസ് ചെയ്യുകയാണ് പ്രസാദ്. റിയാദില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നഴ്സ് ആയ തൊടുപുഴ ഇടവട്ടി കടുക്കഞ്ചേരില്‍ കുടുംബാംഗം സുമയാണ് ഭാര്യ. മക്കള്‍ അമിര്‍ജിത് (ആസ്ത്രേലിയ), അബിനാഷ് (പ്ലസ് ടു വിദ്യാര്‍ത്ഥി, എറണാകുളം), അജയദേവ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി, റിയാദ്). ചേന്നാട് നിന്നും മാറി എറണാകുളം ചോറ്റാനിക്കരയലാണ് പ്രസാദ് താമസിച്ചിരുന്നത്. സംസ്കാരം റിയാദില്‍ നടക്കും. ഇതിനിടെ ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ച പ്രസാദ് എന്ന നിലയിലാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K