23 June, 2020 12:40:40 PM


'വാരിയംകുന്നൻ': പൃഥ്വിരാജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സൈബർ ആക്രമണം രൂക്ഷം



കൊച്ചി: കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ചിത്രം 'വാരിയംകുന്നന്റെ' പിന്നാലെ നടൻ പൃഥ്വിരാജിന് നേരെ രൂക്ഷമായ സൈബർ ആക്രമണം. ആദ്യമായാണ് ആഷിഖ് അബുവും പൃഥ്വിരാജും ഒന്നിക്കുന്നത്. 2021 മുതൽ ചിത്രീകരണം ആരംഭിക്കാൻ പോവുന്ന ചിത്രം എന്നാണ് പ്രഖ്യാപനവേളയിൽ പറഞ്ഞിട്ടുള്ളത്. മലയാള സിനിമയിൽ മുൻപും പറഞ്ഞിട്ടുള്ള വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകനാവുന്ന കഥയാണ് ആഷിഖ് അബു ചിത്രം.


1921ലെ മലബാർ കലാപത്തിലെ പ്രധാനിയായിരുന്നു ഹാജി. ഇക്കഴിഞ്ഞ ദിവസം സിനിമ പ്രഖ്യാപിച്ച ശേഷം പൃഥ്വിരാജിന് എതിരേ മാത്രമല്ല, താരങ്ങൾ കൂടിയായ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം വന്നു. സിനിമാ പ്രഖ്യാപനത്തിനൊപ്പം നൽകിയ കുറിപ്പ് അടിസ്ഥാനമാക്കിയാണ് പ്രധാനമായും 75 കോടിക്കുമേൽ ചിലവുള്ള ബിഗ് ബഡ്ജറ്റ് ചിത്രവും പൃഥ്വിരാജും വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്.


"ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു," എന്നായിരുന്നു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പ്രഖ്യാപനത്തിലെ കുറിപ്പ്. ഇതിനു ശേഷം പൃഥ്വിരാജിന്റെ പിതാവ് അന്തരിച്ച നടൻ സുകുമാരനെയും അമ്മ മല്ലികാ സുകുമാരനെയും പരാമർശിച്ചു വരെ സോഷ്യൽ മീഡിയയിൽ ആക്ഷേപങ്ങൾ ഉണ്ടായി.


പല കാലഘട്ടങ്ങളിലായി പൃഥ്വിരാജ് വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ടെങ്കിലും, ഇത്രയും കടുത്ത ആക്രമണം അടുത്ത കാലങ്ങളിൽ ഇതാദ്യമായാണ്. വിവാഹം, ഇംഗ്ലീഷ് സംഭാഷണം, ചില നിലപാടുകൾ എന്നിവയ്ക്ക് എതിരേ ആയിരുന്നു അവയൊക്കെ. സംഭവവികാസങ്ങളിൽ പൃഥ്വിരാജ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കെഎൽ 10 പത്ത് എന്ന സിനിമയുടെ സംവിധായകനും വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകളുടെ കോ റൈറ്ററുമായ മുഹ്‌സിൻ പരാരിയാണ് വാരിയൻകുന്നന്റെ കോ-ഡയറക്ടർ. സിക്കന്ദർ, മൊയ്‌ദീൻ തുടങ്ങിയവർ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഹർഷദും റമീസും ചേർന്ന് രചിക്കുന്നു. ഷൈജു ഖാലിദാണ് ക്യാമറ.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K