21 June, 2020 02:01:05 PM


സുശാന്ത് സിംഗിന്‍റെ മരണം; മുന്‍കാമുകി റിയ ചക്രവർത്തിക്കെതിരെ പരാതി



മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്‍റെ മുൻ കാമുകിയുമായ റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് പരാതി. ബിഹാറിലെ കോടതിയിൽ ശനിയാഴ്ചയാണ് പരാതി നൽകിയത്. മുസഫർപൂരിലെ പട്ടാഹി സ്വദേശിയായ കുന്ദൻ കുമാർ എന്നയാളാണ് പരാതിക്കാരൻ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് കുമാറിനാണ് പരാതി നൽകിയിരിക്കുന്നത്.


ജൂൺ 24ന് പരാതി പരിഗണിക്കും. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിജെഎം കോടതിയിലെത്തുന്ന രണ്ടാമത്തെ പരാതിയാണിത്. നേരത്തെ പ്രാദേശിക അഭിഭാഷകനായ സുധീർ കുമാർ ഓജ സമാനമായ പരാതി നൽകിയിരുന്നു. സൽമാൻഖാൻ, ആദിത്യ ചോപ്ര, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ എന്നിവർക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് പരാതി നൽകിയിരുന്നത്. 

സുശാന്ത് സിംഗ് വളർന്നു വരികയായിരുന്ന താരത്തിന്റെ കരിയർ ബോളിവുഡിലെ ശക്തർ തകർക്കാൻ ശ്രമിച്ചുവെന്നാണ് ഓജയുടെ ആരോപണം. മാനസികമായും സാമ്പത്തികമായും സുശാന്തിനെ ചൂഷണം ചെയ്തതിന് റിയ ചക്രവർത്തിക്കെതിരെയും പരാതിയിൽ ആരോപണം ഉണ്ട്. പാട്ന സ്വദേശിയായ സുശാന്ത് സിംഗിനെ ജൂൺ 14നാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസെടുത്തിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K