20 June, 2020 06:30:59 PM


കാണക്കാരി ഗവ: ആശുപത്രി വികസനത്തിനും കല്ലമ്പാറ കോംപ്ലക്സ് നിർമ്മാണത്തിനും 50 ലക്ഷം



കുറവിലങ്ങാട്: കാണക്കാരി ഗവ: ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ കെട്ടിടം നിർമ്മിക്കാനും, കല്ലമ്പാറയിൽ  പഞ്ചായത്ത് അനക്സ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിച്ചതായി അഡ്വ: മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.


സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കാണക്കാരി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ആവശ്യമായ പുതിയ കെട്ടിട സമുച്ചയമാണ് എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. നിർമ്മിതി കേന്ദ്രത്തെയാണ് കാണക്കാരി ആശുപത്രിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയിട്ടുളളത്. 35 ലക്ഷം രൂപയാണ് ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. 


കല്ലംമ്പാറ ഷോപ്പിംഗ് കോപ്ലക്സും പഞ്ചായത്ത് അനക്സ് കെട്ടിട നിർമ്മാണവും പൂർത്തീകരിക്കുന്നതിന് 15 ലക്ഷം രൂപയുടെ പദ്ധതിയാണ് എംഎൽഎ ഫണ്ടിൽ നിന്ന് നടപ്പാക്കുന്നതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. കല്ലംമ്പാറ ജംഗ്ഷനിൽ നിന്നുള്ള റോഡ് സൗകര്യം, പ്രവേശന കവാടം, ഡ്രെയിനേജ് സൗകര്യങ്ങൾ, ചുറ്റുമതിൽ, ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പൂർത്തിയാക്കാനുള്ളത്. 40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ കല്ലംമ്പാറ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിൽ എംഎൽഎ ഫണ്ടിൽ നിന്ന് ആദ്യ ഘട്ടത്തിൽ  നടപ്പാക്കിയതിന്റെ തുടർച്ചയാണ് ഇനി നടക്കാനുള്ളത്. ഇക്കാര്യങ്ങൾ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെയാണ് ടെണ്ടറിലൂടെ  ചുമതലപ്പെടുത്തിയിട്ടുള്ളത്. 


കാണക്കാരി ഗവ: ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണം ജൂൺ 22, ഉച്ചകഴിഞ്ഞ്  2 മണിക്ക് തുടക്കം കുറിക്കുന്നതിനും, കല്ലംമ്പാറയിൽ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ് 22ന്, 3 മണിക്ക് നിർമ്മാണം ആരംഭിക്കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാൻ അറിയിച്ചു. എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന രണ്ട് പദ്ധതികളുടെയും നിർമ്മാണ ഉദ്ഘാടനം അഡ്വ മോൻസ് ജോസഫ് നിർവ്വഹിക്കുന്നതാണ്. വിവിധ ജന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K