19 June, 2020 05:37:27 PM


തോമസ് ഹാര്‍ഡിയും ബെന്യാമിനും; പുസ്തക വായനയുടെ മധുരം പങ്കുവച്ച് കോട്ടയം കളക്ടര്‍



കോട്ടയം: ഓര്‍മയിയില്‍  നിറഞ്ഞു നില്ക്കുന്ന പുസ്തകം ഏത്? വായനാദിനത്തില്‍ വിദ്യാര്‍ഥിനി ഉന്നയിച്ച ചോദ്യത്തിന് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു- ഇംഗ്ലീഷില്‍ തോമസ് ഹാര്‍ഡിയുടെ അണ്ടര്‍ ദ ഗ്രീന്‍വുഡ് ട്രീയും മലയാളത്തില്‍  ബെന്യാമിന്‍റെ ആടുജിവിതവും. ഇംഗ്ലീഷ് പുത്കങ്ങളാണ് കൂടുതല്‍ വായിച്ചിട്ടുള്ളത്.  സുഹൃത്തുക്കള്‍ നിര്‍ദേശിക്കുന്ന നല്ല പുസ്തകങ്ങള്‍ വായിക്കാന്‍  ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താറുണ്ട്. 


വായനാദിനാചരണത്തിന്‍റെ ജില്ലാ തല ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു ചടങ്ങ്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കോണ്‍ഫറന്‍സില്‍ പങ്കുചേര്‍ന്നു.


അണ്ടര്‍ ദ ഗ്രീന്‍വുഡ് ട്രീ എന്ന പുസ്തകത്തില്‍ വായിച്ചറിഞ്ഞ ഇംഗ്ലണ്ടിന്‍റെ ചിത്രം ഇപ്പോഴും മനസിലുണ്ട്. വ്യക്തിത്വ വളര്‍ച്ചയക്ക് വായന അനിവാര്യമാണ്.  നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കാനും ഡിജിറ്റല്‍ സങ്കേതങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കുട്ടികള്‍ തയ്യാറാകണം-കളക്ടര്‍ നിര്‍ദേശിച്ചു. 


വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ഷൈല വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പി.ജി.എന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു. 


ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപനകായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഒരുമാസക്കാലം ഓണ്‍ലൈനില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാസാചരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K