18 June, 2020 05:02:29 PM


വൈദികരുടെ പീഡനം പുതിയ തലത്തിൽ; ഓഡിയോ പുറത്തുവിട്ടതിന് പ്രദേശവാസിക്കെതിരെ കേസ്


Catholic priests


തലശേരി: അതിരൂപതയിലെ ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവരുള്‍പ്പെട്ട ലൈംഗിക വിവാദം പുതിയ തലത്തിലേക്ക്. പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായ യുവതിയുടെ പേരും വിവരങ്ങളും വ്യക്തമാകുന്ന ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രദേശവാസിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലുടെ ഓഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കുടിയാന്മല പോലീസ് പൊട്ടന്‍പ്ലാവ് സ്വദേശി അമ്പാട്ട് പോളിനെതിരെ കേസെടുത്തിരിക്കുന്നത്.


ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവര്‍ പൊട്ടന്‍പ്ലാവ് പള്ളി വികാരിമാര്‍ ആയിരിക്കേയാണ് വിവാദ സംഭവമുണ്ടായത്. യുവതിയെ പീഡിപ്പിച്ച വൈദികരുമായി പോള്‍ അമ്പാട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇവരുടെ സംഭാഷണത്തില്‍ പ്രദേശത്തെ പല സ്ത്രീകളുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ ഒരു യുവതിയുടെ പിതാവാണ് പരാതി നല്‍കിയത്. തന്റെ മകളുടെ പേര് അനാവശ്യമായി സംഭാഷണത്തില്‍ ഉള്‍പ്പെടുത്തി വലിച്ചിഴച്ചുവെന്നാണ് പരാതി.


അതിനിടെ, വൈദികരുടെ പീഡനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന സ്ത്രീയും പരാതി നല്‍കി. കണ്ണൂര്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. തന്റെ പേര് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിലും അന്വേഷണം തുടങ്ങി. എന്നാൽ, താന്‍ ഒരു ഓഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടില്ലെന്ന് പോള്‍ അമ്പാട്ട് പ്രതികരിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.


വൈദികരുടെ വഴിവിട്ട പോക്കിന്റെ തെളിവുകള്‍ ലഭിച്ചതോടെയാണ് താന്‍ അവരോട് ഫോണില്‍ സംസാരിച്ച് അക്കാര്യം ഉറപ്പുവരുത്തിയത്. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി അതിരൂപതയ്ക്ക് പരാതി നല്‍കിയിരുന്നു. തന്റെ പരാതിയില്‍ അതിരൂപത ഒരു വൈദികനടക്കം രണ്ടുപേരെ അന്വേഷണത്തിന് നിയോഗിക്കുകയും അവര്‍ തന്റെ പക്കല്‍ വന്ന് ഓഡിയോ റെക്കോര്‍ഡുകള്‍ തെളിവായി കൈപ്പറ്റുകയും ചെയ്തിരുന്നൂ. തെളിവായി കൈമാറിയ ശബ്ദരേഖയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരേയും അവര്‍ക്ക് അത് കൈമാറിയവരേയും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വൈദികരുടെ പീഡനത്തെ കുറിച്ചുള്ള ഓഡിയോ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെ ഇവരെ കുര്‍ബാന അടക്കമുള്ള പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്ന് വിലക്കികൊണ്ട് തലശേരി അതിരൂപത ഞായറാഴ്ച വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. വൈദികരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ വിശ്വാസികളോട് അതിരൂപത മാപ്പും പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K