06 June, 2020 09:06:41 PM


ഭർത്താവിന്‍റെ പീഡനം ഫേസ്ബുക്കിൽ; വീട്ടമ്മയ്ക്ക് സഹായവുമായി വനിതാകമ്മീഷൻ



കൊച്ചി: ഭര്‍ത്തൃവീട്ടിലെ പീഡനം ഫേസ്ബുക്ക് ലൈവിലൂടെ വിവരിച്ച വീട്ടമ്മയില്‍ നിന്നും വനിതാ കമ്മീഷന്‍ മൊഴിയെടുത്തു. വീട്ടമ്മയ്ക്ക് എല്ലാ നിയമസഹായവും വാഗ്ദ്ധാനം ചെയ്തതായി കമ്മീഷനംഗം അഡ്വ ഷിജി ശിവജി അറിയിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ഭര്‍ത്തൃവീട്ടില്‍ ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും നിരന്തരമായ മര്‍ദ്ദനത്തെക്കുറിച്ചാണ് വീട്ടമ്മ ഫേസ്ബുക്ക് ലൈവില്‍ വിവരിച്ചത്. തുടര്‍ന്ന് നിയമ സഹായം അഭ്യര്‍ത്ഥിച്ചും വീട്ടമ്മ ലൈവിലെത്തി. 


പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നുംവീട്ടമ്മ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കമ്മീഷനംഗം അഡ്വ ഷിജി ശിവജി നേര്യമംഗലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതായും എസ് പിയുടെ റിപ്പോര്‍ട്ട്
ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷനംഗം അറിയിച്ചു. വീട്ടമ്മയെ ഉപദ്രവിച്ച ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെയും കേസെടുക്കണമെന്നും കമ്മീഷനംഗം ആവശ്യപ്പെട്ടു. വീട്ടമ്മയ്ക്ക് എല്ലാ നിയമ സഹായങ്ങളും വാഗ്ദാനം ചെയ്തതായും കമ്മീഷന്‍ അറിയിച്ചു. 


കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഭര്‍ത്താവ് കല്ലിനിടിച്ച് തലപൊട്ടിച്ചതായും മൂക്കിലൂടെ രക്തം വന്നതായും വീട്ടമ്മ പരാതിപ്പെട്ടിരുന്നു. കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും അന്വേഷണം കാര്യമായി ഉണ്ടായില്ലെന്നാണ് പരാതി. എന്നാല്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K