06 June, 2020 03:19:23 PM


വിമാനത്താവളത്തിൽ നിന്ന്​ മുങ്ങി പിതാവിന്‍റെ സംസ്കാര ചടങ്ങിൽ; കേസ്​ എടുത്ത് പോലീസ്



ഇരിങ്ങാലക്കുട: വിമാനത്താവളത്തിൽനിന്ന്​ മുങ്ങി പിതാവിന്‍റെ സംസ്കാരചടങ്ങിൽ പങ്കെടുത്ത​ പ്രവാസിക്കെതിരെ പൊലീസ്​ കേസെടുത്തു​. കാറളം സ്വദേശിക്കെതിരെയാണ്​ പകർച്ചവ്യാധി തടയൽ നിയമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത്​ കാട്ടൂർ പൊലീസ് കേസെടുത്തത്​. അബൂദബിയിൽ നിന്ന് നാട്ടിൽ എത്തിയ ഇയാൾ ക്വാറൻറീനിൽ പോകാതെ മുങ്ങുകയായിരുന്നു.


ജില്ല ഭരണകൂടത്തെയും പഞ്ചായത്തിനെയും ആരോഗ്യ വിഭാഗത്തെയും അറിയിക്കാതെയാണ്​ വീട്ടിലെത്തി സംസ്കാരചടങ്ങിൽ പങ്കെടുത്തത്​. ഇത് സംബന്ധിച്ച കാറളം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. സംഭവത്തെ തുടർന്ന് ഇയാളെയും കുടുംബാംഗങ്ങളെയും ആരോഗ്യ വകുപ്പ് വീട്ടിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലാവധി കഴിഞ്ഞാൽ അറസ്​റ്റ്​ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K