26 April, 2016 12:21:38 PM


ഹൈദരാബാദില്‍ രണ്ടു വയസ്സുള്ള കുട്ടികളെ പഠിപ്പിക്കാന്‍ ടാബ്ലറ്റുകള്‍



ഹൈദരാബാദ്‌: തെലുങ്കാനയിലെ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്‌ ടാബ്ലറ്റുകള്‍ ഉപയോഗിച്ചു തുടങ്ങി. അതും വെറും രണ്ടു വയസ്സുള്ള കുട്ടികളെ പഠിപ്പിക്കാന്‍.  ഹൈദരാബാദിലെ ചില സ്‌കൂളുകള്‍ തുടങ്ങിവെച്ച പദ്ധതി മറ്റു സ്‌കൂളുകള്‍ പിന്തുടരാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. അതേസമയം ചില കുട്ടികളുടെ മതാപിതാക്കള്‍ ഇതിനെ എതിര്‍ത്തുതുടങ്ങിയിട്ടുമുണ്ട്‌.


സംസ്‌ഥാനത്ത്‌ പതിനഞ്ചോളം ശാഖകളുള്ള എസ്‌പെരന്‍സ പ്രീ സ്‌കുളുകള്‍ ടാബ്ലറ്റുകള്‍ തന്നെ വാങ്ങിക്കണമെന്ന്‌ നിര്‍ബന്ധമാക്കിയിരിക്കുകയാണ്‌. സ്‌കൂളില്‍ നിന്ന്‌ വിതരണം ചെയ്യുന്ന ടാബ്ലറ്റുകള്‍ തന്നെ വാങ്ങണമെന്നാണ്‌ ഇവര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. പ്ലേ സ്‌കുള്‍ മുതല്‍ യു.കെ.ജി വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ്‌ ടാബ്ലറ്റ്‌ നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. 


പതിനായിരം രൂപയോളം വില വരുന്ന ടാബ്ലറ്റുകളാണ്‌ സ്‌കൂളുകളില്‍ നിന്ന്‌ നല്‍കുന്നത്‌. കുട്ടികള്‍ക്ക്‌ ഇണങ്ങുന്ന ടാബ്ലറ്റുകള്‍ എന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ വാദം. ടാബ്ലറ്റുകള്‍ ആഴ്‌ച്ചയില്‍ മുന്നു പീരിയഡുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളുവെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കൂടാതെ മറ്റ്‌ ടാബുകളെപ്പോലെ ആപ്ലിക്കേഷനുകളോ ഗെയിമുകളോ ഉപയോഗിക്കാനാവില്ലെന്നും അധികൃതര്‍ പറയുന്നു.


ഇത്ര ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ്‌ ചില മാതാപിതാക്കളുടെ വാദം.  വീട്ടിലുള്ള ഇലക്‌ട്രോണിക്‌ സാധനങ്ങള്‍ തന്നെ കുട്ടികള്‍ നശിപ്പിക്കാതെ സൂക്ഷിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ടാബ്‌കൂടി നല്‍കിയാല്‍ കുട്ടികള്‍ അവയ്‌ക്ക് അടിമയായി പോകുമെന്നാണ്‌ മാതാപിതാക്കള്‍ പറയുന്നത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K