26 May, 2020 05:22:32 PM


ഉത്ര കൊലക്കേസ്; പാമ്പിന്‍റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു



കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പാമ്പിന്റെ ജഡം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രായപൂര്‍ത്തിയായതും ഒരാളെ കൊല്ലാന്‍ പ്രാപ്തമായതുമായ മൂര്‍ഖന്‍ പാമ്പാണ് ഇതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മാംസത്തിന്റെ അവശിഷ്ടവും വിഷപ്പല്ലും തലച്ചോറും പരിശോധനക്കായി ശേഖരിച്ചു. പാമ്പിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ഡിജിപി അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.


ഉത്രയുടെ വീടിനു പുറകില്‍ കുഴിച്ചിട്ടിരുന്ന മൂര്‍ഖന്‍ പാമ്പിനെ ആണ് പുറത്തെടുത്തത്. വനംവകുപ്പ്, പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പാമ്പിനെ പുറത്തെടുത്തത്. ഫോറസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ കിഷോര്‍, ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആയുധമില്ലാത്ത കൊലപാതകമെന്ന നിലയില്‍ അന്വേഷണസംഘം പാമ്പിനെ ആണ് ആയുധമായി പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K