24 May, 2020 01:38:44 AM


എം.ജി: താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതാൻ ഓപ്ഷൻ നൽകൽ മേയ് 25 വരെ നീട്ടി



കോട്ടയം: ലോക്ഡൗൺ മൂലം വിവിധ ജില്ലകളിലും ലക്ഷദ്വീപിലും കുടുങ്ങിയ മഹാത്മാഗാന്ധി സർവകലാശാലയിലെ ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ തന്നെ പരീക്ഷയെഴുതാനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ മേയ് 25 ന് വൈകിട്ട് നാലു വരെ നടത്താം. 2017 നു മുമ്പുള്ള സി.ബി.സി.എസ്. ആറാം സെമസ്റ്റർ സപ്ലിമെൻ്ററിക്കാർക്കും ആറാം സെമസ്റ്റർ ബി.വോക്. വിദ്യാർഥികൾക്കും പരീക്ഷ കേന്ദ്രം മാറ്റുന്നതിന് പിന്നീട് അവസരം നൽകുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. 


സർവകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) 'എക്‌സാമിനേഷൻ രജിസ്‌ട്രേഷൻ' ലിങ്കു വഴിയാണ് ഓപ്ഷൻ നൽകേണ്ടത്. ആറാം സെമസ്റ്റർ റഗുലർ/പ്രൈവറ്റ് ബിരുദ വിദ്യാർഥികൾക്കു വേണ്ടി മാത്രമാണ് നിലവിൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. പഠിക്കുന്ന കോളജ് സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കു പുറത്ത് ലോക്ഡൗൺ മൂലം അകപ്പെട്ടവർക്ക്, കോളജിൽ വന്ന് പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതാൻ ഓപ്ഷൻ നൽകാവുന്നത്. ലക്ഷദ്വീപിലുള്ളവർക്ക് അവിടെ പരീക്ഷയെഴുതുന്നതിന് ഓപ്ഷൻ നൽകാം.


പരീക്ഷയെഴുതുന്ന ജില്ല മാത്രമാണ് വിദ്യാർഥികൾക്ക് ഓപ്ഷനായി നൽകാവുന്നത്. പരീക്ഷ കേന്ദ്രം സർവകലാശാല നിശ്ചയിച്ച് അറിയിക്കും.മേയ് 25നുശേഷം ഓപ്ഷൻ സമർപ്പിക്കുന്നതിന് അവസരം ലഭിക്കില്ല. ടൈംടേബിളും ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്കുള്ള പരീക്ഷ കേന്ദ്രവും പിന്നീട് പ്രസിദ്ധീകരിക്കും.  ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച പ്രിന്റ്ഔട്ട്, ഹാൾടിക്കറ്റ്, ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ പരീക്ഷയ്‌ക്കെത്തുമ്പോൾ പരിശോധനയ്ക്ക് നൽകണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K