17 May, 2020 02:57:04 PM


കമ്മ്യൂണിറ്റി കിച്ചന്‍: 'അനധികൃതപിരിവെ'ന്ന് പ്രചരണം; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി



നീണ്ടൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൌണിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്തിന്‍റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 'അനധികൃതപണപിരിവ്' എന്ന പ്രചരണം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഓണംതുരുത്ത് ഗോകുലത്തില്‍ എം.മുരളിയ്ക്കെതിരെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന്‍ ചുമതലക്കാരന്‍ കൂടിയായ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ബി.രമേശന്‍ ആണ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.


ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീ സിഡിഎസിന്‍റെയും നേതൃത്വത്തില്‍ മാര്‍ച്ച് 31 മുതല്‍ നീണ്ടൂര്‍ എസ്കെവി സ്കൂളില്‍  പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നടക്കം പണപിരിവ് നടത്തിയെന്നാരോപിച്ചാണ് മുരളി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയത്. ഗ്രാമപഞ്ചായത്തിന്‍റെ തനത് ഫണ്ട് കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പിന് തികയില്ലാത്തതിനാല്‍ മോനിറ്ററിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംഭാവനകള്‍ സ്വീകരിച്ച് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. ഇതാണ് അനധികൃതപിരിവെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പരത്തുന്നതെന്ന് രമേശന്‍ പരാതിയില്‍ ചൂണ്ടികാട്ടുന്നു.


ഗ്രാമപഞ്ചായത്തിന്‍റെ പ്രതിശ്ചായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന വിധത്തിലുള്ള പ്രചരണം നടന്നത് മെയ് 2ന് നടന്ന കമ്മറ്റി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് പ്രസിഡന്‍റ് കുഞ്ഞുമോള്‍ ജോസ് നടത്തിയ അന്വേഷണത്തില്‍ വ്യാജപ്രചരണം നടത്തിയത് മുരളി ആണെന്ന് തെളിയുകയും ചെയ്തിട്ടുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ഇരൂകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.


യുഡിഎഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനുവേണ്ടി അനധികൃതപണപിരിവ് നടത്തുന്നുവെന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല ഭരണം കയ്യാളുന്ന യുഡിഎഫിനും അത് അപമാനകരമായി തീര്‍ന്നിരിക്കുകയാണെന്നാണ് ഇടതുപക്ഷം ചൂണ്ടികാട്ടുന്നത്. പരാതി നല്‍കിയ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ബി.രമേശന്‍ രണ്ടാം വാര്‍ഡായ മൂഴികുളങ്ങരയില്‍നിന്നുള്ള സിപിഎം അംഗമാണ്.


എന്നാല്‍ തന്‍റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നത് ശരിയായ കാര്യമെന്ന് തന്നെയാണ് മുരളിയുടെ വാദം. കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ചൂണ്ടികാട്ടി യുഡിഎഫ് മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ ടോമി ജോസഫും കണ്‍വീനര്‍ തോമസ് കോട്ടൂരും പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളിയുടെ സന്ദേശവും തുടര്‍ന്ന്അന്വേഷണവും നടക്കുന്നത്. തന്‍റെ സന്ദേശത്തില്‍ അപാകതകള്‍ ഒന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചിട്ടുള്ളതായും മുരളി പറയുന്നു. മുരളിയുടെ വിവാദമായ പോസ്റ്റ് ഇങ്ങനെ -


"കമ്മ്യൂണിറ്റി കിച്ചന്‍റെ പേരിൽ അന:ധികൃത പിരിവോ?

ലോക്ക് ഡൗണിനെ തുടന്ന് നീണ്ടൂർ ഗ്രാമ പഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ചിലർ സർക്കാർ ഓഫീസുകളിലടക്കം രൂപാ പിരിക്കുന്നതായി സാമൂഹ്യ മാദ്ധ്യമങ്ങിൽ ചിത്രം സഹിതം പ്രചരിക്കുന്നു. പഞ്ചായത്ത് അധികൃതരോട് അന്വേഷിച്ചപ്പോൾ പഞ്ചായത്തിന്‍റെ അറിവോടെയല്ലയെന്ന് അറിയാൻ കഴിഞ്ഞു. പിരിവ് ആവശ്യമായ വരുന്ന പക്ഷം പഞ്ചായത്ത് പ്രസിഡന്റുൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾ നേരിട്ട് രസീത് നൽകിയാണ് പിരിവ് നടത്തുന്നതെന്നും അധികാരികൾ അറിയിച്ചു." 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K