16 May, 2020 05:29:54 PM


'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജ്': 8 മേഖലകളിൽ ഘടനാപരമായ മാറ്റം - ധനമന്ത്രി



ദില്ലി:  കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സര്‍ക്കാരിന്‍റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്‍റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. എട്ട് മേഖലകളിൽ ഘടനാപരമായ മാറ്റം വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കൽക്കരി, ധാതുക്കൾ, പ്രതിരോധ സാമഗ്രികളുടെ നിർമാണം, വ്യോമയാനം, ബഹിരാകാശം, ആണവോർജം, വിമാനത്താവളങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങി 8 മേഖലകൾക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഇന്ന് നടത്തുന്നത്.


'ആത്മനിര്‍ഭര്‍ ഭാരത്' എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നു ഒറ്റപ്പെടുകയെന്നല്ലെന്നും ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുകയെനാണെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യം.
സർക്കാർ ഉടമസ്ഥതയിലായിരുന്ന കൽക്കരി ഖനനത്തിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി സംരംഭകർക്ക് വ്യവസ്ഥകൾ ഉദാരമാക്കും. 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുറക്കും‌‌ ഇതിനായുള്ള ലേലത്തിൽ∙ ആർക്കും പങ്കെടുക്കാം.  യോഗ്യതാ മാനദണ്ഡങ്ങളില്ലെന്നും ധനമന്ത്രി പറഞ്ഞു. കല്‍ക്കരി മേഖലയില്‍ പശ്ചാത്തല സൗകര്യവികസനത്തിനായി അമ്പതിനായിരം കോടി രൂപ നിക്ഷേപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.


നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കും. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കും. നിക്ഷേപ സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K