15 May, 2020 10:45:33 PM


താണിക്കുടം അക്കരപ്പുറം പുഴ ഇനി ഭീതിയില്ലാതെ ശാന്തമായി ഒഴുകും



തൃശൂര്‍: ജില്ലയിലെ താണിക്കുടം അക്കരപ്പുറം പുഴ ഇനി ഭീതിയില്ലാതെ ശാന്തമായി ഒഴുകും. പുഴയുടെ സംരക്ഷണത്തിനായി 16 ലക്ഷം രൂപ ചിലവിൽ അരിക് സംരക്ഷണ ഭിത്തി നിർമ്മിക്കും. 2018ലെ പ്രളയ സമയത്ത് രണ്ട് വലിയ ഗർത്തങ്ങളാണ് പുഴയുടെ അരികിൽ രൂപപ്പെട്ടത്. ഏതുസമയവും ബണ്ട് പൊട്ടിയാൽ അക്കരപ്പുറം ഭാഗത്തെ 150 ൽ പരം വീടുകൾ തകരുമെന്ന അവസ്ഥയായിരുന്നു. എഴുനൂറിൽപ്പരം ആളുകളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയാണ് ഈ ഗർത്തങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 2019ലെ പേമാരിയിലും ഈ അപകടാവസ്ഥ തുടർന്നു.


ഈ ഘട്ടത്തിൽ നാട്ടുകാരും കർഷകരും ഇക്കാര്യം രേഖാമൂലം മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഏകദേശം 16 ലക്ഷം രൂപയുടെ പുഴ സൈഡ് പ്രൊട്ടക്ഷൻ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. കാലവർഷത്തിന് മുൻപ് യുദ്ധകാലാടിസ്ഥാനത്തിൽ പണിപൂർത്തീകരിക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്.


ചെറിയ തുക കൊണ്ട് താൽക്കാലിക പ്രവൃത്തി ചെയ്താൽ ഈ ദുരവസ്ഥയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാകുമായിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ പ്രളയാനന്തരം ഏറ്റെടുക്കേണ്ട പുനർനിർമ്മാണ പ്രവൃത്തിയിൽ പ്രഥമപരിഗണന അക്കരപ്പുറം പുഴ സംരക്ഷണത്തിന് നൽകുകയായിരുന്നു. സംസ്ഥാന സർക്കാർ പ്രളയബാധിത പഞ്ചായത്തുകൾക്ക് അനുവദിച്ച പ്രത്യേക പാക്കേജിൽ ഗ്രാമപഞ്ചായത്ത് ഈ പ്രവൃത്തി ഉൾപ്പെടുത്തി.


അപകടാവസ്ഥയിലുള്ള ഭാഗത്ത് 110 മീറ്റർ നീളത്തിലും 4.5 മീറ്റർ ഉയരത്തിലും കോൺക്രീറ്റ് ലൈനിങ് നിർമ്മിക്കും. കൂടാതെ ചിലയിടത്ത് കരിങ്കൽ കെട്ടുകളുമുണ്ട്. കനത്ത മഴയും ഒപ്പം ഡാമിലെ വെള്ളം കൂടി വരുന്ന ഘട്ടത്തിൽ ഈ ഭാഗത്തുണ്ടാകുന്ന അപകടാവസ്ഥ ഇതോടെ പരിഹരിക്കപ്പെടും. പ്രളയകാലത്ത് മരണഭീതി വിതച്ചാണ് താണിക്കുടം അക്കരപ്പുറം പുഴ ഒഴുകിയത്. സൈഡ് സംരക്ഷണഭിത്തി ഉയരുന്നതോടെ മാടക്കത്തറ പഞ്ചായത്തിലെ ജനങ്ങൾക്ക് ഇനി സമാധാനത്തിന്റെ നാളുണ്ടാവും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K