12 May, 2020 03:47:45 PM


12 മാസത്തേക്ക് തിരിച്ചടവ് വേണ്ട; കാർ വിപണിയില്‍ ഓഫറുകളുമായി കമ്പനികള്‍കൊച്ചി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌൺ ഉണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ വാഹനനിര്‍മ്മാതാക്കളും ഷോറൂമുകളും വിവിധ ഓഫറുകളുമായി രംഗത്ത്. ലോക്ക്ഡൌണിൽ നൽകിയ ഇളവ് പ്രകാരം വാഹന ഷോറൂമുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് കാർ വാങ്ങാനെത്തുന്നവരെ ആകർഷിക്കുന്ന കൂടുതൽ ഓഫറുകൾ കമ്പനികള്‍ മുന്നോട്ടുവെച്ചത്.


12 മാസം വരെ ഇഎംഐ അടയ്ക്കേണ്ട എന്നതുൾപ്പടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് കമ്പനികൾ മുന്നോട്ടുവെക്കുന്നത്. ഹ്യുണ്ടായ്, റെനോ, ഹോണ്ട, ഫോക്‌സ്‌വാഗൺ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, സ്‌കോഡ ഓട്ടോ എന്നിവ ആകർഷകമായ ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജർമ്മൻ കമ്പനിയായ ഫോക്സ്വാഗൺ (വിഡബ്ല്യു) പോളോ, വെന്റോ എന്നിവയുടെ ഭാരത് സ്റ്റേജ് ആറ് (ബിഎസ്-ആറ്) മോഡലുകൾക്ക് പതിവ് കിഴിവുകൾ കൂടാതെ, 12 മാസത്തെ ഇഎംഐ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്, അതായത് കാർ വാങ്ങി രണ്ടാം വർഷം മുതൽ ഇഎംഐ അടച്ചുതുടങ്ങിയാൽ മതിയാകും.


ഫോക്സ്‍വാഗൺ പോളോ ടി‌എസ്‌ഐ പതിപ്പിന്റെ (ഹൈലൈൻ പ്ലസ് എം‌ടി വേരിയൻറ്) വില 13,000 രൂപ കുറച്ച് 7.89 ലക്ഷത്തിനാണ് വിൽക്കുന്നത്. വെന്റോയുടെ വില ഒരു ലക്ഷം രൂപ കുറച്ച് 10.99 ലക്ഷത്തിനാണ് വിൽക്കുന്നത്. ഫോക്സ്വാഗൺ ആറ് ഫിനാൻസ് സ്കീം ഓഫറുകളാണ് മുന്നോട്ടുവെക്കുന്നത്. കൂടുതൽ വ്യത്യസ്തമായ ഇഎംഐ ഓപ്ഷനുകളാണ് ഹ്യൂണ്ടായ് മുന്നോട്ടുവെക്കുന്നത്. ആദ്യ മൂന്ന് മാസത്തേക്ക് കുറഞ്ഞ ഇഎംഐയും ശേഷിക്കുന്ന തുക മൂന്ന്, നാല്, അഞ്ച് വർഷ ഓപ്ഷനുകളിൽ ഒന്നായി തെരഞ്ഞെടുക്കാം. എട്ട് വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ തിരിച്ചടവ് കാലയളവുള്ള ഇഎംഐ ഓഫറും ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്.


കൂടാതെ സാൻ‌ട്രോ, ഗ്രാൻഡ് ഐ 10 നിയോസ്, എലൈറ്റ് ഐ 20, എലാൻട്ര എന്നിവയ്ക്ക് കമ്പനി നൽകുന്ന 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസിന് പുറമെ 10,000 മുതൽ 40,000 രൂപ വരെ നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ട് ഹ്യൂണ്ടായ് ഡീലർമാരും വാഗ്ദാനം ചെയ്യുന്നു. ബൈ നൌ പേ ലേറ്റർ എന്ന ഓഫറുമായാണ് ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ വരുന്നത്. മെയ് മാസത്തിലാണ് ഉപയോക്താക്കൾക്കായി ഈ ഓഫർ നൽകുന്നത്. ഏതെങ്കിലും റെനോ കാർ വാങ്ങാനും ഇഎംഐ 3 മാസത്തിനുശേഷം അടയ്ക്കാനും കഴിയുന്ന പദ്ധതിയാണിത്. ഡീലർമാരെ സമീപിച്ചാലോ റെനോ ഇന്ത്യ വെബ്‌സൈറ്റിലോ മൈ റെനോ ആപ്പിലോ ഈ ഓഫറിന്‍റെ വിശദാംശങ്ങൾ ലഭിക്കും.


കാർ വാങ്ങുന്നവർക്കായി 'ജോബ് ലോസ് കവർ' എന്ന പേരിൽ 650 രൂപയുടെ സിംഗിൾ പ്രീമിയം ഇൻഷുറൻസ് കവറേജും റെനോ അവതരിപ്പിക്കുന്നുണ്ട്. കോവിഡ് -19 ഉൾപ്പെടെ ഏതെങ്കിലും രോഗമുണ്ടായാലോ ജോലിയിൽ നിന്ന് പിരിച്ചുവിടൽ, ജോലിയിൽ നിന്ന് പിന്മാറുക, ആകസ്മിക മരണം, സ്ഥിരമായ വൈകല്യം, ആശുപത്രിയിൽ പ്രവേശിക്കൽ തുടങ്ങിയവയ്ക്ക് ഈ ഇൻഷുറൻസ് പരിരക്ഷ സഹായകരമാകും. റെനോയുടെ ക്വിഡ്, ട്രൈബർ, ഡസ്റ്റർ തുടങ്ങിയ മോഡലുകൾക്കും ക്യാഷ് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ഫിനാൻസ് എന്നിവ ലഭ്യമാണ്. 8.99 ശതമാനം നിരക്കിൽ ഇഎംഐ ഓഫറുകളും ഉണ്ട്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബെനിഫിറ്റ് എന്നിവയായി 30,000 മുതൽ 60,000 രൂപ വരെ നേരിട്ടുള്ള ആനുകൂല്യങ്ങൾ ഫ്രഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു.


ഹോണ്ട കാർസ് ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ അമേസ് കോംപാക്റ്റ് സെഡാന് 32,000 രൂപയുടെ ആനുകൂല്യമാണ് നൽകുന്നത്. ഇതിൽ നാല്, അഞ്ച് വർഷ വാറണ്ടിയും കാർ എക്സ്ചേഞ്ചിന് അധിക കിഴിവും ഉൾപ്പെടുന്നു. സിറ്റി മിഡ്-സൈസ് സെഡാന്‍റെ ഓഫർ 50,000 രൂപ ക്യാഷ് ഡിസ്കൌണ്ട് ഉൾപ്പെടെ ഒരു ലക്ഷം രൂപയായി ഹോണ്ട ഉയർത്തി.
ഇന്ത്യൻ കാർ-വിപണിയിലെ അതികായൻമാരായ മാരുതി സുസുക്കി വിവിധ മോഡലുകൾക്ക് 10,000 മുതൽ 45,000 രൂപ വരെയുള്ള ഓഫറുകൾ നൽകുന്നുണ്ട്. ടാറ്റ മോട്ടോഴ്സ് ഹരിയർ, ടിയാഗോ, ടിഗോർ മോഡലുകൾക്ക് 25000 മുതൽ 40,000 രൂപ വരെയുള്ള ഓഫറുകൾ നൽകുന്നുണ്ട്.


ലോക്ക്ഡൌൺ ഇളവ് പ്രകാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഗ്രീൻ, ഓറഞ്ച് സോണുകളിൽ കാർ ഷോറൂമുകൾ തുറക്കാൻ അനുമതിയായി. നിരവധി കമ്പനികൾ ഓൺലൈൻ മുഖേന ഷോറൂമുകളിൽ വിൽപന ആരംഭിച്ചിരുന്നു. വാഹനം ബുക്ക് ചെയ്തവർക്ക് അത് വിതരണം ചെയ്തു തുടങ്ങി. റെഡ് സോൺ മേഖലകളിൽ ലോക്ക്ഡൌൺ പിൻവലിച്ചശേഷമായിരിക്കും വാഹനം ബുക്ക് ചെയ്തവർക്ക് അത് ലഭ്യമാക്കുക.

(കടപ്പാട് - ന്യൂസ് 18)Share this News Now:
  • Google+
Like(s): 4.8K