09 May, 2020 10:52:40 PM


'എന്നെ ഡോക്ടർ ആക്കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം'; മറുപടി റിമിയുടെ എസ്.എസ്.എൽ.സി. മാർക്ക്



കൊച്ചി: സംഭവ ബഹുലമായ ലോക്ക്ഡൗൺ ദിനങ്ങളാണ് ഗായിക റിമി ടോമി ഓരോ ദിവസവും ഇസ്റ്റാഗ്രാം പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കൽപ്പനയുടെ യു.ഡി.സി. കുമാരിയെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത റിമി ഇപ്പോള്‍ തിരഞ്ഞെടുത്തത് ഉർവശിയുടെ കഥാപാത്രമാണ്. സത്യൻ അന്തിക്കാട് ചിത്രം തലയണമന്ത്രത്തിലെ കാഞ്ചന സുകുമാരന്‍റെ ഡയലോഗ് സഹിതം റിമി അവതരിപ്പിച്ച വീഡിയോയ്ക്ക് കിട്ടിയ കമന്‍റും നിനച്ചിരിക്കാത്തത്.


പഠിക്കാൻ അൽപ്പം പിന്നോട്ടാണെങ്കിലും തള്ളിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത പ്രകൃതക്കാരിയായ കാഞ്ചന ഭർത്താവിന്‍റെ അനുജൻ വിവാഹം ചെയ്തു കൊണ്ട് വന്ന പെൺകുട്ടി ശൈലജയുമായി നടത്തുന്ന സംഭാഷണമാണ് റിമി അനുകരിച്ചത്. ശൈലജയെന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത് പാര്‍വ്വതിയായിരുന്നു. 'തനിക്ക് പഠിക്കാൻ അവസരം ലഭിക്കാതെ പോയി' എന്നും 'അച്ഛനെന്നെ ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം...' എന്നും കാഞ്ചന ശൈലജയോട് പറയുന്ന പ്രധാന ഡയലോഗാണ് റിമി വീഡിയോയില്‍ അഭിനയിച്ചു കാട്ടിയത്.


വീഡിയോ പോസ്റ്റ് ചെയ്ത റിമി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കമന്‍റാണ് പിന്നാലെ എത്തിയത്. റിമിയുടെ എസ്.എസ്.എൽ.സി. പരീക്ഷയുടെ മാർക്ക്! '477 മാർക്കല്ലേ എസ്.എസ്.എൽ.സി.ക്ക്' എന്നാണ് റോണി മിലാൻ എന്ന ഇൻസ്റ്റാഗ്രാം യൂസറുടെ കമന്‍റ് കണ്ട റിമി ഒന്നു ഞെട്ടിയിരിക്കണം. പക്ഷെ ചമ്മല്‍ ഒട്ടും പ്രകടിപ്പിക്കാന്‍ റിമി കൂട്ടാക്കിയില്ല. 'ഓർത്ത് വച്ചേക്കാണോ' എന്ന് പറഞ്ഞു റിമി തംപ്സ് അപ്പ് ഇമോജിയോടുകൂടി മറുപടിയും നൽകി. ഇത് റിമിയുടെ സഹപാഠിയോ സുഹൃത്തോ ആണോ എന്ന കാര്യം വ്യക്തമല്ല




Share this News Now:
  • Google+
Like(s): 3.7K