03 May, 2020 10:50:55 PM


മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ യുവ നടൻ ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു



മൂവാറ്റുപുഴ: മേക്കടമ്പിൽ കാർ കെട്ടിടത്തിലേക്കിടിച്ചു കയറി  3 പേർ മരിച്ചു. 4 പേർ ഗുരുതരാവസ്ഥയിൽ. അശ്വിൻ ജോയ് (29), മേക്കടമ്പ് സ്വദേശികളായ നിധിൻ (35) ബേസിൽ (30) എന്നിവരാണ് മരിച്ചത്. 'പൂവള്ളിയും കുഞ്ഞാടും' എന്ന സിനിമയിലെ നായകനാണ് മരിച്ച വാളകം മേക്കടമ്പ് ഓണാംകണ്ടത്തിൽ ബേസിൽ ജോർജ്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. രതീഷ് (30), സാഗർ (19), അന്തർ സംസ്ഥാന തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് ഗുരുതര പരുക്ക്. 



ഞായറാഴ്ച രാത്രി 9.15 ഓടെ കൊച്ചി-മധുര ദേശീയപാതയിൽ വെച്ചാണ് അപകടം. മേക്കടമ്പ് പള്ളിത്താഴത്ത്  കൊങ്ങണത്തിൽ ജോയിയുടെ കെട്ടിടങ്ങളിലേക്കാണ് കാറ് പാഞ്ഞുകയറിയത്. കോലഞ്ചേരി ഭാഗത്ത് നിന്നും  വരികയായിരുന്ന കാറ് നിയന്ത്രണം വിട്ട് കടയിലേക്കും തൊട്ടു ചേർന്ന് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇടിയുടെ അഘാതത്തിൽ കാർ പൂർണമായി തകർന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ  എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോലഞ്ചേരി ആശുപത്രി മോര്‍ച്ചറിയില്‍.



Share this News Now:
  • Google+
Like(s): 6.3K