27 April, 2020 09:15:43 PM


മലപ്പുറത്തെ കൊവിഡ് രോഗി മുംബൈയിൽ നിന്ന് എത്തിയത് ചരക്ക് വാഹനത്തിൽ



മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നും യാത്രാ അനുമതിയില്ലാതെ അനധികൃതമായി എത്തിയത് എടപ്പാൾ സ്വദേശിക്ക്. മുംബൈയിൽ നിന്നെത്തിയ എടപ്പാൾ കാലടി ഒലുവഞ്ചേരി സ്വദേശിയായ 38 കാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. മുംബൈയിൽ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനത്തിലാണ് ഇയാൾ ജില്ലയിൽ എത്തിയത്. വൈറസ് ബാധിതൻ ഇപ്പോൾ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. 


മുംബൈ താനെ ബിവണ്ടിയിൽ ഇളനീർ മൊത്തക്കച്ചവടക്കാരനായ കാലടി ഒലുവഞ്ചേരി സ്വദേശി ഏപ്രിൽ 11 ന് രാത്രിയാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട ചരക്ക് ലോറിയിലായിരുന്നു യാത്ര. ഏപ്രിൽ 15 ന് രാത്രി 11 മണിക്ക് ചമ്രവട്ടം പാലത്തിനടുത്ത് ഇറങ്ങി. അവിടെ നിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത് രാത്രി 11.30 ന് വീട്ടിലെത്തി. വീട്ടുകാരുമായി സമ്പർക്കമില്ലാതെ അടുത്തുള്ള സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്നു താമസം.


വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ ഏപ്രിൽ 18 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇയാളെ എടപ്പാൾ വട്ടംകുളത്തുള്ള കോവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിലാക്കി. രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഏപ്രിൽ 23 ന് വൈകുന്നേരം അഞ്ച് മണിക്ക് 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 24 ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഏപ്രിൽ 27ന് ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.


വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സഹോദരൻ, മാതാവ്, ബൈക്കിൽ കൂടെ സഞ്ചരിച്ച സുഹൃത്ത് എന്നിവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനൊപ്പം മുംബൈയിൽ താമസിച്ച് വിവിധ മാർഗ്ഗങ്ങളിലൂടെ ജില്ലയിൽ തിരിച്ചെത്തിയ മറ്റ് അഞ്ച് പേരെയും ആരോഗ്യ പ്രവർത്തകർ കണ്ടെത്തി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K