26 April, 2020 03:23:57 PM


ഏറ്റുമാനൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ കറങ്ങാനിറങ്ങിയ യുവാവ് ചേർത്തലയിൽ ക്വാറന്‍റയിനിലായി



ചേർത്തല: കോട്ടയം ഏറ്റുമാനൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ കറങ്ങാനിറങ്ങിയ യുവാവ് ചേർത്തലയിൽ പിടിയിലായി. കഞ്ഞിക്കുഴിയിൽ വച്ച് ഇന്ന് രാവിലെ 6 മണിയോടെ മാരാരിക്കുളം പോലീസാണ് ഇയാളെ പിടികൂടിയത്.  ഏറ്റുമാനൂർ കാണക്കാരി സ്വദേശിയായ യുവാവ്, സുഹൃത്തിൻ്റെ ഓട്ടോറിക്ഷ എടുത്ത് കൊണ്ട് പോരുകയായിരുന്നു. ഓട്ടോറിക്ഷ കാണാനില്ലെന്ന് കാട്ടി നീണ്ടൂർ സ്വദേശി ബിജു ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു..


അതേസമയം, ഇയാൾ കോട്ടയം ജില്ലവിട്ട് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. ലോക് ഡൗൺ കാലത്ത് വെറുതേ കറങ്ങാൻ ഇറങ്ങിയതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഏറ്റുമാനൂർ മാർക്കറ്റിലെ അന്തേവാസിയായ ഇയാളെ ആരോഗ്യ വകുപ്പിന് കൈമാറി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി. ഇവിടെ നിന്നും ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി മാരാരിക്കുളം പോലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഏറ്റുമാനൂർ പോലീസ് എത്തി ഏറ്റെടുത്ത് ഉടമസ്ഥന് കൈമാറി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K