22 April, 2020 01:16:53 PM


കോഴിക്കോട് മെഡി. കോളജിലെ 2 ഡോക്ടർമാർക്ക് കോവിഡ്



കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് കൊവിഡ്. രണ്ടുപേരും ഹൗസ് സര്‍ജന്‍മാരാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ദില്ലിയിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘത്തില്‍പെട്ടവരാണ് ഇവര്‍. ഡോക്ടര്‍മാരുടെ മടക്കയാത്ര തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തിരിച്ചുവന്ന ട്രെയിനിലായിരുന്നുവെന്നാണ് പറയുന്നത്. 


തിരിച്ചെത്തിയവരില്‍ ഒന്‍പതുപേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റി. ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


അതേ സമയം കൊവിഡ് സ്ഥിരീകരിച്ചവര്‍ വിവരം മറച്ചു പിടിച്ചിരുന്നതായും സംശയമുണ്ട്. അതുകൊണ്ടുതന്നെ കൂടെ സഞ്ചരിച്ചവരേയും അടുത്തിടപഴകിയവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കടുത്ത ജാഗ്രതയിലും ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.



Share this News Now:
  • Google+
Like(s): 2.6K