18 April, 2020 12:58:32 AM


ആലപ്പുഴയിൽ ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍; രാജ്യത്തു തന്നെ ആദ്യം



ആലപ്പുഴ: ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ആലപ്പുഴ ഫിനിഷിംഗ് പോയിന്റില്‍ മോക്ഡ്രിൽ നടത്തി. രാജ്യത്ത് ആദ്യമായാണ് ഹൗസ്‌ബോട്ടുകളില്‍ ഇത്തരത്തില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാമെന്നറിയാനായി ജില്ലാ ഭരണകൂടം വിപുലമായി രീതിയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുകയായിരുന്നു. 


ഫിനിഷിംഗ് പോയിൻ്റിൽ രാവിലെ 11.30നാണ് മോക്ഡ്രിൽ ആരംഭിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.പി.എച്.ഐ., ആശാ പ്രവര്‍ത്തക എന്നിവര്‍ ഫിനിഷിംഗ് പോയിന്റിന് സമീപം പാര്‍ക് ചെയ്ത കോവിഡ് കെയര്‍ സെന്ററായി മാറിയ ഹൗസ് ബോട്ടുകളിലെ നിരീക്ഷണത്തിലിരിക്കുന്നവരുടെ പതിവ് പരിശോധനയ്ക്കായി എത്തി. കോവിഡ് കെയര്‍ സെന്റര്‍ നമ്പര്‍ 26 എന്ന ഹൗസ്‌ബോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കുന്നു. പരിശോധനയ്ക്കിടയില്‍ പുറത്തിറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് അറിയിക്കുന്നു. 



തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫിനിഷിംഗ് പോയിന്റ് സാക്ഷിയായത്. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും 11.50 ഓടെ ആംബുലന്‍സ് പാഞ്ഞെത്തുന്നു.11.53ഓടെ പി.പി.ഇ കിറ്റ് ധരിച്ച പ്രത്യേക പരിശീലനം ലഭിച്ച ആംബുലന്‍സ് ഡ്രൈവര്‍ പുറത്തിറങ്ങി, ആംബുലന്‍സിന്റെ വാതില്‍ തുറന്ന് കൊടുത്ത്, മാസ്‌ക് ധരിച്ച രോഗലക്ഷണമുള്ളയാളെ അകത്ത് പ്രവേശിപ്പിക്കുന്നു. ഇദ്ദേഹം എവിടെയും സ്പര്‍ശിക്കാതിരിക്കാനായി ആംബുലന്‍സിന്റെ വാതില്‍ അടയ്ക്കുന്നതും ഡ്രൈവര്‍ തന്നെ. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് രോഗലക്ഷണമുള്ളയാളുമായി ആംബുലന്‍സ് കുതിയ്ക്കുന്നു. 


ജനറല്‍ ആശുപത്രിയിലും പി.പി.ഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ മുന്‍കരുതലുകളെടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണമുള്ളയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചത്. മറ്റാരുമായും ഇയാള്‍ക്ക് സമ്പര്‍ക്കമില്ലാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഇതിനിടെ ഫിനിഷിംഗ് പോയിന്റില്‍ രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ് ബോട്ട്, നടന്നു വന്ന വഴി എന്നിവ ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തമാക്കി. ഹൗസ് ബോട്ടുകളിലെ മാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ശേഖരിച്ച് നശിപ്പിക്കുന്നതും മോക്ക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.  



നെഹ്‌റു പവല്ലിയന് സമീപം പാര്‍ക് ചെയ്ത മറ്റൊരു ഹൗസ്‌ബോട്ടില്‍ നിന്നുള്ള വ്യക്തിയെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മോക്ക് ഡ്രില്ലും തുടര്‍ന്ന് നടന്നു. വാട്ടര്‍ ആംബുലന്‍സിലാണ് രോഗലക്ഷണമുള്ളയാളെ ഫിനിഷിംഗ് പോയിന്റിലെത്തിച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരമനുസരിച്ചെത്തിയ പി.പി.ഇ. കിറ്റ് ധരിച്ച ആംബുലന്‍സ് ഡ്രൈവറാണ് വാട്ടര്‍ ആംബുലന്‍സില്‍ നിന്നും രോഗലക്ഷണമുള്ളയാള്‍ക്ക് പുറത്ത് കടക്കാനുള്ള വാതിലുകള്‍ തുറന്നു കൊടുത്തത്.


ഇയാളെയും പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു. രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ്‌ബോട്ട്, വാട്ടര്‍ ആംബുലന്‍സ് എന്നിവ ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തമാക്കി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് രോഗലക്ഷണമുള്ളവരായി അഭിനയിച്ച് മോക്ക് ഡ്രില്ലില്‍ പങ്കെടുത്തത്. 


ജില്ല ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഫിനിഷിംഗ് പോയിന്റില്‍ സജ്ജമാക്കിയിരുന്നു. ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ആളുകളുടെയും ആരോഗ്യ സ്ഥിതി, യാത്രാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം, അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനായി പൊലീസ്, അഗ്നി ശമന സേന എന്നിവയുടെ കണ്‍ട്രോള്‍ റൂം, ഭക്ഷണം ഉറപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ കണ്‍ട്രോള്‍ റൂം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, എന്നിവയുടെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിരുന്നു. ഇതിനിടെ ആംബുലന്‍സുകളുടെ ചീറിപ്പാച്ചിലും മറ്റും കണ്ട് അമ്പരന്ന നാട്ടുകാര്‍ക്ക് ഇത് മോക്ക് ഡ്രില്ലാണെന്നറിഞ്ഞപ്പോള്‍ ആശ്വാസം.


രണ്ടായിരത്തോളം ആളുകളെ വരെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാം, ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കുന്നതെന്ന് ജില്ല കളക്ടര്‍ എം. അഞ്ജന പറഞ്ഞു.  ആദ്യ ഘട്ടത്തില്‍ 140 ഹൗസ് ബോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ 700 ഓളം ഹൗസ് ബോട്ടുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കും. 1500മുതല്‍ 2000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും.


ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായും കളക്ടര്‍ അറിയിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, എന്‍.എച്.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാധാകൃഷ്ണന്‍, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ എന്നിവര്‍ മോക്ക് ഡ്രില്‍ വീക്ഷിച്ച് മുഴുവന്‍ സമയവും ഫിനിഷിംഗ് പോയിന്റില്‍ ഉണ്ടായിരുന്നു. ഫിനിഷിംഗ് പോയിന്റിലും സമീപത്തുമായി ഹൗസ് ബോട്ടുകളെ ഒരുമിച്ച് പാര്‍ക് ചെയ്താണ് ഐസൊലേഷന്‍ മുറികള്‍ ഒരുക്കുന്നത്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K