16 April, 2020 02:19:07 PM


യുവതി ആത്മഹത്യ ചെയ്ത സംഭവം: ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍



കൊല്ലം : പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍. ഊറാംവിള സ്വദേശിനി അഞ്ജലി(26) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ (45) ആണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ജോലിയ്ക്ക് എന്ന വ്യാജേന വിദേശത്ത് കൊണ്ട് പോയി സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിക്കുകയും സ്വന്തം സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്ത ശേഷമായിരുന്നു പീഡനം. ഭാര്യയും മക്കളും നാട്ടില്‍ പോയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പിന്നീട് ജോലി മതിയാക്കി നാട്ടില്‍ എത്തിയ പെണ്‍കുട്ടി വിവാഹിതയായി. കല്യാണം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് പെണ്‍കുട്ടി അബുദാബിയില്‍ എത്തി.


ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി വീണ്ടും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്‌തോടെ പെണ്‍കുട്ടി നാട്ടിലേക്ക് മടങ്ങി.  ബൈജുവിന് എതിരെ കേസും നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കെയാണ് തന്റെ മരണത്തിന് കാരണക്കാരന്‍ ബൈജു സുന്ദരാംഗനാണ് എന്ന് ആത്മഹത്യ കുറുപ്പെഴുതിവച്ച്‌ 2019 ഏപ്രിലില്‍ വീട്ടില്‍ തൂങ്ങി മരിച്ചത്.


വിദേശത്തായിരുന്ന പ്രതിക്കേതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോറന്റൈനില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. കോറന്റൈന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K