14 April, 2020 03:02:54 AM


കട്ടപ്പനയിലും അടിമാലിയിലുമായി മണ്ണിൽ കുഴിച്ചിട്ടിരുന്ന 400 ലിറ്റര്‍ കോട പിടിച്ചെടുത്തു




കട്ടപ്പന: ചാരായം വാറ്റാനായി വീടിനു സമീപം കുഴിച്ചിട്ട 200 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു. സ്വരാജ്‌ ചന്ദ്രന്‍സിറ്റി തപോവനം പുത്തന്‍പുരയില്‍ അജോമോ(41)ന്റെ വീടിനോട്‌ ചേര്‍ന്നാണ്‌ കോട കണ്ടെത്തിയത്‌. പ്ലാസ്‌റ്റിക്‌ ബാരലിലാക്കി മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. വാറ്റ്‌ ഉപകരണങ്ങളും കണ്ടെത്തി. കട്ടപ്പന എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ബി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. അജോമോന്‍ സ്‌ഥലത്തില്ലാതിരുന്നതിനാല്‍ ഇയാളെ കസ്‌റ്റഡിലെടുക്കാനായിട്ടില്ല. കഴിഞ്ഞദിവസം സ്വരാജ്‌ ജങ്‌ഷനു സമീപം മദ്യപിച്ച നിലയില്‍ക്കണ്ട ഒരാളെ ചോദ്യം ചെയ്‌തതോടെയാണ്‌ വാറ്റ്‌ കേന്ദ്രത്തേക്കുറിച്ച്‌ വിവരം ലഭിച്ചത്‌.


അടിമാലി: വാറ്റുചാരായ നിര്‍മാണത്തിനായി തയാറാക്കിയ 200 ലിറ്റര്‍ കോട പിടികൂടി. പടിക്കപ്പ്‌ ഞണ്ടാലക്കുടി റോഡില്‍ നിന്നും പഴമ്പിള്ളിച്ചാല്‍ ഭാഗത്തേക്ക്‌ പോകുന്ന കാട്ടുപാതക്കരുകില്‍ വനപ്രദേശത്ത്‌ തോടിന്‌ സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ലായനി. നാര്‍കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ സംഘം നടത്തിയ റെയ്‌ഡിലാണ്‌ ഇവ കണ്ടെത്തിയത്‌. നാലു മണിക്കൂറിലധികം കാട്ടിനുള്ളില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ്‌ കോട കണ്ടെത്താനായത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K