08 April, 2020 12:15:38 AM


അതിര്‍ത്തി കടത്താനുദ്ദേശിച്ച ആറ് കൊയ്ത്തുമെതിയന്ത്രങ്ങള്‍ ഏറ്റുമാനൂരില്‍ പിടിയില്‍



കോട്ടയം: വേനല്‍മഴയില്‍ പുഞ്ചകൃഷിവിളവെടുപ്പ് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയ  സാഹചര്യത്തില്‍ സംസ്ഥാനത്തിന് വെളിയിലേക്ക് കൊണ്ടുപോയ കൊയ്ത്തുമെതിയന്ത്രങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൊയ്ത്തുമെതിയന്ത്രങ്ങള്‍ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമാനൂര്‍ പോലീസ് കൊയ്ത്തുമെതിയന്ത്രങ്ങള്‍ പിടിച്ചെടുത്തത്. 


ജില്ലയിലെ കൊയ്ത്ത് പൂര്‍ണ്ണമാക്കാതെ തമിഴ്നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് യന്ത്രങ്ങള്‍ ഏറ്റുമാനൂരില്‍ പോലീസ് പിടിച്ചെടുത്തത്. ലോറികളില്‍ കയറ്റിയ ആറ് യന്ത്രങ്ങളില്‍ ഒന്ന് കേടായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ തെള്ളകം, പേരൂര്‍ പാടശേഖരങ്ങളില്‍ കൊയ്ത്തിന് മാര്‍ഗ്ഗമില്ലാതെ കര്‍ഷകര്‍ വലയുന്ന സാഹചര്യത്തിലായിരുന്നു ഇത്. ആര്‍പ്പൂക്കര സ്വദേശിയായ ഏജന്‍റാണ് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും ജില്ലയില്‍ എത്തിച്ചത്. കിടങ്ങൂര്‍ ഭാഗത്തെ കൊയ്ത്തിനുശേഷമാണത്രേ യന്ത്രങ്ങള്‍ തിരിച്ചയക്കാന്‍  ശ്രമിച്ചത്.


പോലീസും നഗരസഭാ അധികൃതരും കര്‍ഷകരും ഇടപെട്ടതോടെ കൂലി കൂടുതല്‍ വേണമെന്നായി ഏജന്‍റ്. മണിക്കൂറിന് 2800 രൂപ വേണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ വര്‍ഷം പരമാവധി 2200 രൂപ വരെയാണ് ഈടാക്കിയത്. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2500 രൂപ നിരക്കില്‍ കൊയ്യാമെന്ന് സമ്മതിച്ചതിനെതുടര്‍ന്ന് അഞ്ച് യന്ത്രങ്ങളും തെള്ളകം, പേരൂര്‍ പാടശേഖരങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഇവിടെ കൊയ്ത്ത് ആരംഭിച്ചിരിക്കുകയാണ്.


ജില്ലയിലെ പാടശേഖരങ്ങളില്‍ പുഞ്ച കൃഷി കൊയ്ത്തിനുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ജില്ലയില്‍ 4500 ഏക്കര്‍ സ്ഥലത്താണ് നിലവില്‍ നെല്ല് കൊയ്ത്തിനു പാകമായി നില്‍ക്കുന്നത്. വേനല്‍ മഴമൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതിനാല്‍ ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ഏജന്‍റുമാര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K