04 April, 2020 09:58:28 AM


കൊച്ചിയില്‍ വ്യായാമത്തിന് ഇറങ്ങിയ 2 സ്ത്രീകൾ ഉൾപ്പെടെ 41 പേർ അറസ്റ്റിൽ




കൊച്ചി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിലക്കുകള്‍ ലംഘിച്ച് കൊച്ചിയില്‍ വ്യായാമത്തിന് ഇറങ്ങിയവരെ പോലീസ് പൊക്കി. പനമ്പിള്ളി നഗറില്‍ നടക്കാനിറങ്ങിയ രണ്ടു സ്ത്രീകളടക്കം 41 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എപ്പിഡെമിക് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരമാണ് നടപടി. കര്‍ശന നിര്‍ദേശം അവഗണിച്ച് കൂട്ടമായി വ്യായാമത്തിന് ഇറങ്ങിയതാണ് അറസ്റ്റ് ചെയ്യാന്‍ കാരണമായത്. ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ ഫ്രഞ്ച് പൗരന്മാരെ തിരിച്ചയച്ചു.


പനമ്പിള്ളി നഗര്‍ ബ്രോഡ്‌വേയില്‍ നടക്കാന്‍ ഇറങ്ങിയവരാണ് കുടുങ്ങിയത്. രണ്ടു ദിവസമായി പോലീസ് ഇവിടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. അത്യാവശ്യത്തിന് അല്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും നേരത്തേ തന്നെ പോലീസ് നിര്‍ദേശം നല്‍കുകയും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചിലര്‍ വ്യായാമത്തിനായി കൂട്ടം കൂടി എത്തുന്നതായും വിലക്കുകള്‍ ലംഘിക്കുന്നതായും ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എല്ലാ സന്നാഹത്തോടെയും എത്തി അറസ്റ്റ് ചെയ്തു.


അതിനിടയില്‍ ലോക്ക് ഡൗണില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിപ്പോയ 112 ഫ്രഞ്ച് പൗരന്മാരെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ പാരീസിലേക്ക അയച്ചു. ഇന്നലെ 46 ഒമാന്‍ സ്വദേശികളെ മസ്‌ക്കറ്റിലേക്ക് അയച്ചിരുന്നു. അതിന് പിന്നാലെ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇവരുമായി പ്രത്യേക വിമാനം ഫ്രാന്‍സിലേക്ക് തിരിച്ചത്. ലോക്ക് ഡൗണിന് മുമ്പ് കേരളത്തിലും തമിഴ്‌നാട്ടിലുമായി വിനോദ സഞ്ചാരത്തിനും ആയുര്‍വേദ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമായി എത്തിയവരാണ് ഇവര്‍. എന്നാല്‍ ലോക്ഡൗണില്‍ കുടുങ്ങിയതോടെ ഫ്രഞ്ച് എംബസി ഇടപെടുകയായിരുന്നു.


മാര്‍ച്ച് ആദ്യം എത്തിയവരാണ് ഇവര്‍. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ നിരീക്ഷണത്തിലായി. എല്ലാം കഴിഞ്ഞതോടെ പ്രത്യേക പ്രോട്ടോകോള്‍ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് തിരിച്ചയച്ചത്. ഇന്ന് രാവിലെ എല്ലാ പരിശോധനകള്‍ക്കും ശേഷം കൊച്ചിയില്‍ എത്തിച്ചത്. ടെര്‍മിനലില്‍ എത്തിക്കുന്നതിന് മുമ്പ് ഇവരുടെ ബാഗേജുകളും മറ്റു കാര്യങ്ങളും പൂര്‍ണ്ണമായും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K