27 March, 2020 01:58:27 PM


സംസ്ഥാനത്ത്39 പേര്‍ക്ക് കൂടി കോവിഡ് 19; രോഗബാധിതരുടെ എണ്ണം 164 ആയി

രോഗികളുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 164 ആയി.  കാസര്‍കോട്ടുള്ളവരാണ് 34 പേരും. കണ്ണൂരില്‍ രണ്ട് പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  സംസ്ഥാനത്ത് ഒറ്റ ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യമായി ഇന്നാണ്. ഏതു സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം തയാറാകണമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാതെ നിർവാഹമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 


കൊല്ലത്ത് ആദ്യകേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്-19 ബാധയായി. കഴിഞ്ഞ 18നു ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു കൊല്ലത്ത് രോഗബാധയുണ്ടായത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയാണ്.


ആകെ 1,10,299 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 616 പേരാണ് ആശുപത്രികളിലുള്ളത്. 112 പേരെ ഇന്നുമാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5679 സാംപിളുകൾ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതിൽ 4448 ഫലങ്ങൾ നെഗറ്റീവായി. രോഗ സാധ്യതയുണ്ടെങ്കിൽ അപ്പോൾത്തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ച് അവിടെനിന്നാണ് സാംപിളുകൾ അയക്കുന്നത്. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച ജനപ്രതിനിധിയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്‍റെ യാത്രയുടെ വിശദാംശങ്ങൾ അമ്പരപ്പിക്കുന്നതാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം യാത്ര ചെയ്തു. ഒരു പൊതുപ്രവർത്തകനു യോജിച്ച രീതിയിലല്ല അദ്ദേഹം പെരുമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഭരണാധികാരികൾ,  ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ഇയാൾ കാണുകയുംചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കുകയും ചെയ്തു. എല്ലാവരും ജാഗ്രത കാട്ടേണ്ട സമയത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ ചെയ്യണ്ടതെന്നും കൊറോണ വൈറസ് ഏറെ അകലെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൊറോണ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സ്വയമാണ്. അകലം പാലിക്കാൻ പറയുമ്പോൾ അടുപ്പിച്ചുനിന്നുള്ള ബലപ്രയോഗ രീതി നമ്മള്‍ കണ്ടതാണ്. രോഗ ഭീതി കാരണം ആരോഗ്യ പ്രവർത്തകരെ നാട്ടു കാരിൽ ചിലർ ഒറ്റപ്പെടുത്തുന്നു. ഒരു കാരണവശാലും ഇത് അനുവദിക്കില്ല. വാക്കിലോ നോക്കിലോ പ്രവ്യത്തിയിലോ അനാദരവും അകലവും കാണിക്കരുത്. ഇതൊക്കെ സംസ്കാര സമ്പന്നമായ സമൂഹത്തിന് ചേർന്നതല്ല. എല്ലാവരും ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K