26 March, 2020 10:45:14 AM


'പേടിക്കേണ്ട മോളേ, പരിഹാരമുണ്ടാക്കാം'; അർധരാത്രിയിൽ മുഖ്യമന്ത്രിയുടെ കരുതല്‍ അനുഭവിച്ചറിഞ്ഞ് 13 പെൺകുട്ടികള്‍



കല്‍പ്പറ്റ: 'പേടിക്കേണ്ട മോളേ, പരിഹാരമുണ്ടാക്കാം'. അർധരാത്രിയിൽ പെരുവഴിയിലാകുമെന്ന് ഭയന്ന 13 പെൺകുട്ടികള്‍ അനുഭവിച്ചറിഞ്ഞത് മുഖ്യമന്ത്രിയുടെ കരുതൽ സ്പർശം. രാത്രി ഒരു മണിയാകാറായി. വയനാട്‌ - കർണാടക അതിർത്തിയിലെ കൂരിരുട്ടില്‍ ഭയന്നു വിറങ്ങലിച്ച ഹൈദരാബാദിൽനിന്നുള്ള സംഘത്തിനാണ് മുഖ്യമന്ത്രിയുടെ കരുതല്‍ തുണയായത്.


ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാരായ14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തിൽ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡ്രൈവർ നിലപാട് മാറ്റി. അതിർത്തിയിൽ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തിൽനിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു.


അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. അർധരാത്രിയിൽ വനമേഖലയായ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു. പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. മറ്റൊരു മാർഗവുമില്ലെന്നായപ്പോൾ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലർ പറഞ്ഞു. അൽപസമയം ആലോചിച്ചശേഷം പുതിയറ സ്വദേശിനിയായ ആതിര ഗൂഗിളിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നമ്പറെടുത്ത്‌ വിളിച്ചു.


രാത്രി മുഖ്യമന്ത്രി നല്ല ഉറക്കത്തിലായിരിക്കുമെന്നതിനാല്‍ ശകാരം പ്രതീക്ഷിച്ച് വിളിച്ച സംഘത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു മറുതലക്കൽനിന്ന്‌ അദ്ദേഹത്തിന്‍റെ ശബ്ദമുയര്‍ന്നത്. 'പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം'എന്നായിരുന്നു മറുപടി. ഉടനെ വയനാട് കളക്ടറെയും എസ്.പിയെയും വിളിക്കാൻ പറഞ്ഞു. ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും എസ്.പിയുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പിയെയാണ്. 

 

തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനൽകി. തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ്‌ കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്ഐ എ യു ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.


ആതിരക്കൊപ്പം ജോലിചെയ്യുന്ന തീർഥ, അഞ്ജലി കൃഷ്‌ണ തുടങ്ങി 13 സ്‌ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്‌ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുംവരെ അവർക്കൊപ്പമുണ്ടായിരുന്നു ആ കരുതൽ. വീട്ടിലെത്തിയശേഷവും ആതിര മുഖ്യമന്ത്രിയെ വിളിച്ചു. ഫോണെടുത്ത മുഖ്യമന്ത്രി വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന ജാഗ്രതാ നിർദേശവും നൽകി. തിരക്കിനിടയിലെ കരുതലിനും പെരുവഴിയിൽ അകപ്പെടാതെ രക്ഷിച്ചതിനും മുഖ്യമന്ത്രിക്ക്‌ നന്ദിപറയുകയാണ്‌ സംഘമിപ്പോൾ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K