25 March, 2020 09:44:16 PM


മാസ്ക് അപകടകരമോ? കറൻസി നോട്ടുകളിൽ നിന്ന് പകരുമോ? സംശയങ്ങളുടെ പ്രവാഹം



കൊച്ചി: കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും ഡോക്ടർമാർ നേരിട്ട് മറുപടി നൽകുന്ന ഡോക്ടർ ഓൺ ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നുമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടൻറുമായ ഡോ. പി. എസ്. രാകേഷാണ് ആദ്യ ദിവസം ചോദ്യങ്ങൾക്കുത്തരം നൽകിയത്. കൺട്രോൾ റൂമിൽ ഏറ്റവുമധികം പേർ ചോദിച്ച ചോദ്യങ്ങൾക്കും ഫേസ് ബുക്കിലെ കമൻറ് ബോക്സിൽ വന്ന സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി. ജില്ലാ കളക്ടറുടെയും എറണാകും ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ ഡോക്ടർ ഓൺ ലൈവ് കാണാം. 

 

ഉയർന്ന ശരീര ഊഷ്മാവ് കണ്ടുപിടിക്കുന്ന തെർമൽ സ്കാനറിൽ നെഗറ്റീവ് ഫലമാണെങ്കിൽ കൊറോണയില്ലെന്ന് അർഥമുണ്ടോ എന്ന് നിരവധി പേർ സംശയമുന്നയിച്ചു. എന്നാൽ സ്കാനറിൽ പനിയുണ്ടോയെന്ന് കണ്ടെത്താനാകുമെന്ന് ഡോക്ടർ മറുപടി നൽകി. പക്ഷേ പനിയില്ലെങ്കിൽ കൊറോണയില്ലെന്ന് അർഥമില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും രോഗലക്ഷണങ്ങൾ കാണാം. താപനില അറിയാനുള്ള സ്ക്രീനിംഗ് ടെസ്റ്റ് മാത്രമാണ് തെർമൽ സ്കാനർ. 

 

പ്രായമായവർക്കല്ലേ രോഗ സാധ്യതയുള്ളു? രോഗം വരാനുള്ള സാധ്യത എല്ലാ പ്രായക്കാർക്കുമുണ്ട്. രോഗം ഗുരുതരമാകാനുള്ള സാധ്യത പ്രായമേറിയവരിലാണ്. അതുപോലെ ഗുരുതരമായ കരൾ, വൃക്ക രോഗങ്ങളുള്ളവർക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ അതു കൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്കും പ്രായം കുറഞ്ഞവർക്കം രോഗം വരില്ലെന്ന് അർഥമില്ല.

 

മാസ്ക് എല്ലാവരും ധരിക്കണോ? പൊതുജനങ്ങളെല്ലാം മാസ്ക് ധരിക്കേണ്ടതില്ല. നിങ്ങൾക്ക് ചുമയോ തുമ്മലോ മറ്റു ശ്വാസകോശ രോഗങ്ങളോ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണം. നിങ്ങളിൽ നിന്നുള്ള രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനാണിത്. ചുമയോ തുമ്മലോ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന രോഗാണുക്കൾ മാസ്ക് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരില്ല. മാസ്ക് കിട്ടിയില്ലെങ്കിൽ തൂവാലയോ ഷാളോ ഉപയോഗിക്കാം. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ അടുത്തു പരിചരിക്കുന്നവരും മാസ്ക് ധരിക്കണം. ആരോഗ്യവാനായ വ്യക്തി മാസ്ക് ധരിക്കേണ്ടതില്ല. മാസ്ക് ശാസ്ത്രീയമായി ധരിക്കേണ്ടതാണ്. കൈകൾ വൃത്തിയായി കഴുകിയ ശേഷം മൂക്കും വായും മൂടത്തക്ക രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ആവശ്യം വരുമ്പോൾ മാസ്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് അപകടകരമാണ്. മാസ്കിൻ്റെ പുറം ഭാഗത്ത് തൊടരുത്. മാസ്ക് ധരിച്ചാൽ കുഴപ്പമുണ്ടാകില്ല എന്നത് തെറ്റിദ്ധാരണയാണ്. ഏറ്റവും വലിയ അപകടം മാസ്ക് കൃത്യമായി ഡിസ്പോസ് ചെയ്യുന്നില്ലെന്നതാണ് . പോകുന്ന വഴിയിൽ കളയുകയാണ് പലരും. പൊതുജനങ്ങൾ മാസ്ക് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 

 

കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ? നോട്ടുകളിൽ നിന്ന് വൈറസ് പകരാൻ നേരിയ സാധ്യത മാത്രമാണുള്ളത്. നോട്ടുകൾ വാങ്ങിയ ശേഷം കൈകൾ വൃത്തിയാക്കി വൈറസ് ബാധയുടെ കണ്ണി മുറിക്കാം. അനാവശ്യ ഭീതി ഒഴിവാക്കാം.

 

അനാവശ്യമായ യാത്രകൾ ഒഴിവാക്കുക, അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടുക - ഈ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ഡോക്ടർ പറഞ്ഞു. ജനങ്ങൾക്ക് പരമാവധി ബോധവത്കരണം നൽകി ഭീതി ഒഴിവാക്കാനും കൃത്യമായ വിവരങ്ങൾ അവരിലെത്തിക്കാനുമാണ് ഇത്തരമൊരു പരിപാടി ആരംഭിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഡോക്ടർ ഓൺ ലൈവ് പതിവായി കൃത്യ സമയത്ത് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അസിസ്റ്റൻറ് കളക്ടർ എം.എസ്. മാധവിക്കുട്ടി, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി എന്നിവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K