16 March, 2020 02:38:06 PM


കൊറോണ എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം; ബൈക്ക് യാത്രികനെ കുടുക്കി പോലീസ്



കൊല്ലം: കൊറോണയുടെ പേര്‌ പറഞ്ഞ് വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികനെ പോലീസ് തന്ത്രപൂർവ്വം കുടുക്കി. കൊല്ലം ചിന്നക്കടയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ കൈ കാണിച്ചപ്പോള്‍ തനിക്ക് കോവിഡ് ആണെന്ന് പറഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് കൈ കാണിച്ചപ്പോള്‍ ആംഗ്യം കാണിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മുണ്ടക്കല്‍ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് ട്രാഫിക് എസ്‌ഐ എ പ്രദീപിന്റെ കോളെത്തി.


പനിയാണെന്നും ഡോക്ടര്‍ 14 ദിവസം വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും വാഹന ഉടമ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്കു വരുകയാണെന്നു പൊലീസ് പറഞ്ഞപ്പോള്‍ 'വേണ്ട സാറെ ഞാന്‍ സ്റ്റേഷനില്‍ വരാ'മെന്നായി. താമസിയാതെ ഇയാൾ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ എത്തി. അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പറഞ്ഞു. കേസ് ഈസ്റ്റ് പൊലീസിനു കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K