16 March, 2020 07:39:39 AM


മകളുടെ വിവാഹം കണ്ടില്ല, ഇനി മകളെയും കാണാനാവില്ല; കടലിനക്കരെ കണ്ണീരുമായി ഇസ്മായില്‍

- നൗഷാദ് വെംബ്ലി




മുണ്ടക്കയം: മകളുടെ വിവാഹത്തിനു പങ്കെടുക്കാനായില്ല, മരുമകനെ നേരില്‍ കണ്ടിട്ടില്ല, ഇനി കാണാനുമാവില്ല; കടലിനക്കരെയിരുന്നു കണ്ണീരൊഴുക്കുകയാണ്  ഇസ്മായില്‍. പൊന്നുമകള്‍ സുമയ്യയുടെ വിവാഹ ദിവസവും ആ  പിതാവ് സന്തോഷത്തിനിടയില്‍ അങ്ങ് റിയാദിലിരുന്നു കരഞ്ഞു. തന്റെ മൂത്തമകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാവാതെ പോയതിലെ വിഷമം സഹിക്ക വയ്യാതെ. പെരുമ്പാവൂര്‍ അപകടത്തില്‍ മരിച്ച സുമയ്യയുടെ പിതാവ് മുണ്ടക്കയം കുളമാക്കല്‍ മണ്ണാര്‍ തോട്ടത്തില്‍ ഇസ്മായില്‍ മകളുടെയും മരുമകന്‍  ഹനീഫ് മൗലവിയുടെയും, സഹോദരന്‍ ഷാജഹാന്റെയും മരണവാര്‍ത്ത അറിഞ്ഞത്  വളരെ വൈകിയാണ്.


ജീവിത പ്രതിസന്ധികള്‍ പരിഹരിക്കാനായുളള ഓട്ടത്തിനിടയിലും തന്റെ മകളെ സുരക്ഷിത കരങ്ങളിലെത്തിച്ചതിലെ സന്തോഷത്തിനിടയിലാണ് ദുരന്തമായി മരണവാര്‍ത്തയെത്തുന്നത്. വിദേശത്ത് ജോലി തേടി പോയി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മകള്‍ക്കു വിവാഹാലോചന വന്നു. ദൂരം ഏറെയാണന്നറിഞ്ഞിട്ടും മകള്‍ക്ക് സന്തോഷമുളള ആലോചനയായതിനാല്‍ തന്റെ അസാന്നിദ്യത്തിലും വിവാഹം നടത്താന്‍ വീട്ടുകാരോട് പറയുകയായിരുന്നു. ഇനി അവധിക്കെത്തുമ്പോള്‍ മരുമകനെ കാണാമെന്നു കരുതിയിരുന്നു. ഇതിനിടെ മകള്‍ ഗര്‍ഭിണിയാണന്ന വാര്‍ത്തയും റിയാദിലിരുന്നു ഇസ്മായില്‍ സന്തോഷത്തോടെ കേട്ടറിഞ്ഞു.


നാട്ടിലെത്തുമ്പോള്‍ എല്ലാവരെയും സന്തോഷത്തോടെ കാണാമെന്ന വാക്കുകളാണ്  പാതി വഴിയില്‍ നിലച്ചത്. ദുരുന്തവാര്‍ത്തയറിഞ്ഞ ഇസ്മായില്‍ തളര്‍ന്നുപോയി. നാട്ടിലെത്താന്‍ വഴിയില്ല. കൊറോണ ഭീതിയില്‍ എയര്‍പോര്‍ട്ടുകള്‍ അടച്ചു. താന്‍ ഏറ്റവും കൂടുതല്‍ കൊതിച്ച മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. ഒടുവില്‍ മരണാന്തര ചടങ്ങിലും. കടലിനക്കരയിരുന്നു ആ പിതാവ് പൊട്ടി കരയുകയാണ്.


ഒന്നാം വിവാഹ വാര്‍ഷികത്തിന് ഒരു ദിവസം  മാത്രം  ബാക്കി നില്‍ക്കെയാണ് ഹനീഫും സുമയ്യയും യാത്രയായത്.  ഭക്ഷണമൊരുക്കി കാത്തിരുന്ന  മണ്ണാര്‍തോട്ടം വീട്ടില്‍ കണ്ണീരു തോരുന്നില്ല. മകളും മരുമകനും  മുണ്ടക്കയം കുളമാക്കലെ വീട്ടിലേക്ക് വരുമെന്നു അറിയിച്ചപ്പോള്‍ മണ്ണാര്‍ തോട്ടം വീട്ടില്‍ സന്തോഷ പൂത്തിരി നിറഞ്ഞിരുന്നു.  മരുമകനും ഗര്‍ഭിണിയായ മകളും ഒപ്പം  മരുമകന്റെ സഹോദരനുമുണ്ടന്നു  യാത്ര തിരിക്കുംമുമ്പ് സുമയ്യ ഉമ്മയെ വിളിച്ചറിയിച്ചു. യാത്രക്കിടിയില്‍ പലപ്പോഴും ഉമ്മയെവിളിച്ചിരുന്നു. മക്കള്‍ വീട്ടിലെത്തുന്ന സന്തോഷത്തില്‍  മാതാവ്  സക്കീനയും സുമയ്യയുടെ സഹോദരങ്ങളായ ഷുഹൈലയും ഷിഫയും കാത്തിരിക്കുകയായിരുന്നു.


ചക്ക വേവിച്ചു, കോഴിക്കറിയും തയ്യാറാക്കി കാത്തിരുന്ന ആ മാതാവിനെ പുലര്‍ച്ച പെരുമ്പാവൂര്‍ പൊലീസാണ് അപകട വിവരം വിളിച്ചറിയിച്ചത്. പുലര്‍ച്ചെ ആറുമണിയോടെ നാട്ടിലെത്താമെന്നു കരുതിയിരുന്നെങ്കിലും  ദുരന്തവാര്‍ത്തയാണ് മണ്ണാര്‍ തോട്ടം വീട്ടിലേക്ക് എത്തിയത്. 2019 മാര്‍ച്ച് 17നായിരുന്നു സുമയ്യയും ഹനീഫ് മൗലവിയും തമ്മിലുളള വിവാഹം. ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ട ഈ യുവ ദമ്പതികള്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കി യാത്രയായി. മരണത്തിലും  വേര്‍പിരിയാതെ ഒരുമിച്ചുളള യാത്ര.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K