13 March, 2020 07:28:46 PM


മാലിന്യങ്ങളാല്‍ 'സമ്പന്നം' ഈ ക്ഷേത്രപരിസരം ; നഗരസഭയുടെ നോട്ടീസ് ലഭിച്ചിട്ടും അനക്കമില്ല



ഏറ്റുമാനൂര്‍: വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്ര പരിസരത്ത് കാണാനാവുക. ഫ്ലക്സ്, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂരിലേത്. എന്നാല്‍ ഇപ്പോള്‍ ഫ്ലക്സും പ്ലാസ്റ്റിക്കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കടന്നുവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍. 


കഴിഞ്ഞ ഫെബ്രുവരി 25ന് കൊടിയേറി ആരംഭിച്ച ഉത്സവം മാര്‍ച്ച് 5ന് സമാപിച്ച്  ഒരാഴ്ച കഴിഞ്ഞിട്ടും ക്ഷേത്രപരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ മിനക്കെട്ടിട്ടില്ല. ഫ്ലക്സ് - പ്ലാസ്റ്റിക് നിരോധനം ചൂണ്ടികാട്ടി ദേവസ്വം സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് താഴെയാണ് ഇതേ മാലിന്യങ്ങള്‍ കൂടികിടക്കുന്നതും. ഉത്സവത്തിന് കടകള്‍ കെട്ടി കച്ചവടം നടത്തുന്നതിനു കുത്തകലേലം ചെയ്തുകൊടുത്ത ദേവസ്വം അധികൃതര്‍ ഫ്ലക്സ് പരസ്യ ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനോ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിനോ നടപടികള്‍ സ്വീകരിച്ചില്ല എന്ന് മാത്രമല്ല സ്റ്റാളുകളില്‍ ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് മൌനാനുവാദവും നല്‍കി.


ഇതിനിടെ കടകള്‍ കെട്ടി കച്ചവടം ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്തു നല്‍കിയതിലൂടെ ലക്ഷങ്ങള്‍ ദേവസ്വം ഖജനാവിലേക്ക് എത്തുകയും ചെയ്തു. ക്ഷേത്രമൈതാനത്തെ മാലിന്യങ്ങള്‍ അവിടെ തന്നെ കൂടികിടന്നു. പുറത്ത് റോഡിലും മറ്റും കിടന്ന മാലിന്യങ്ങള്‍ കോവില്‍പ്പാടത്ത് ടെമ്പിള്‍ റോഡരികില്‍ കൂട്ടിയിട്ടതല്ലാതെ നീക്കം ചെയ്യാനോ സംസ്കരിക്കാനോ നടപടികള്‍ സ്വീകരിച്ചില്ല. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെട്ട നഗരസഭയാകട്ടെ ദേവസ്വത്തിന് 15000 രൂപ പിഴയിടുകയും ചെയ്തു.


നഗരസഭയുടെ നോട്ടീസ് ലഭിച്ചിട്ടും ക്ഷേത്രം അധികൃതര്‍ക്ക് അനക്കം ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് തങ്ങളുടേതെന്ന അവകാശവാദവുമായി പോലീസ് ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്കാരത്തിന് വരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയ  ഉപദേശകസമിതിയും മാലിന്യത്തിന്‍റെ കാര്യത്തില്‍ കണ്ണുകള്‍ അടച്ചിരിക്കുകയാണ്. ഉത്സവത്തിനോടനുബന്ധിച്ച് വിവിധ സംഘടനകള്‍ മൈതാനത്ത് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ പോലും എടുത്തു മാറ്റിക്കാന്‍ ദേവസ്വം അധികൃതര്‍ തയ്യാറായിട്ടില്ല. നോട്ടീസ് പ്രകാരമുള്ള പിഴത്തുക ദേവസ്വം അടച്ചതിനുശേഷം മാലിന്യം നീക്കാമെന്ന നിലപാടിലാണ് നഗരസഭ. ഇതോടെ പരിസരവാസികള്‍ വീണ്ടും ആശങ്കാകുലരായി മാറിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K